ശക്തമായ കാറ്റ്: മൂവാറ്റുപുഴയിലും ആരക്കുഴയിലും വ്യാപക നാശം
മൂവാറ്റുപുഴ: ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ മൂവാറ്റുപുഴയിലും ആരക്കുഴ പഞ്ചായത്തിലും വ്യാപകമായ നാശ നഷ്ടം. വൈകിട്ട് അഞ്ചുമണിയോടെ ശക്തമായ വേനല്‍ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റാണ് വ്യാപകമായ നാശം വിതച്ചത്. മൂവാറ്റുപുഴയില്‍ ഉന്നക്കുപ്പ, മാറാടി, തോട്ടുങ്ങല്‍ പീടിക, ഉല്ലാപ്പിള്ളി, പേട്ട ഭാഗങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. മൂവാറ്റുപുഴ ആരക്കുഴ റോഡിലെ പേട്ട ഹുസൈന്‍ റോഡ് മുതല്‍ പെരിങ്ങഴ കവല വരെയുള്ള ഭാഗത്ത് റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മൂവാറ്റുപുഴ എന്‍.ജി.ഒ ക്വര്‍ട്ടേഴ്‌സിനു സമീപം മരങ്ങളും വാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. 130 ജങ്്ഷനിലും വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എം.സി റോഡിന്റെ ഇരുഭാഗങ്ങളിലും, ആരക്കുഴ റോഡിലും സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കാറ്റില്‍ പറന്നുപോയി.
ആരക്കുഴ പഞ്ചായത്തില്‍ ആരക്കുഴ , മൂഴി, പെരുമ്പല്ലൂര്‍, പെരിങ്ങഴ, കടുക്കാസിറ്റിഭാഗം, കനാല്‍ ബണ്ട് റോഡ്, പെരുങ്കല്ലുങ്കല്‍ ഭാഗങ്ങളിലാണ് കാറ്റ് വ്യാപകനാശമാണ് വിതച്ചത്. കടുക്കാ സിറ്റിക്ക് സമീപം, കൊച്ചുനെടുങ്കാട്ടില്‍ പാപ്പച്ചന്റെ ആഞ്ഞിലി, റബ്ബര്‍, തേക്ക് മരങ്ങള്‍ കടപുഴകി വീണു. ചേര്‍ക്കോട്ട് സഞ്ചുവിന്റെ പുരയിടത്തിലെ ആഞ്ഞിലി അടക്കമുള്ള മരങ്ങള്‍ കടപുഴകി വീണു. മങ്ങാട്ട് രാജന്റെ കാക്കുന്ന 15 ഓളം ജാതികള്‍ കാറ്റില്‍ നിലം പതിച്ചു. ഓലത്തിങ്കല്‍ എമിലിയുടെ വീടിന് മുകളിലേക്ക് പുളിമരം വീണ് വീടിന് കേടുപാടുകള്‍ പറ്റി. പുരയിടത്തിലെ തേക്കകള്‍ അടക്കമുള്ള മരങ്ങളും കടപുഴകി വീണു. പെരിങ്ങഴ താണിക്കുഴി ശശീധരന്റെ വാര്‍ക്ക വീടിന് മകളിലേക്ക് റബ്ബറും, പ്ലാവും വീണുകിടക്കുന്നു. ഇവരുടെ ജാതിമരങ്ങളും കാറ്റില്‍ ഉലഞ്ഞുവീണു. പെരുമ്പല്ലൂര്‍ ചെറുകര ഷിനോജിന്റെ ഓടിട്ട വീടിന്റെ മുകളിലേക്ക് മരം വീണ് അടുക്കള ഭാഗം തകര്‍ന്നു.
പെരുമ്പല്ലൂരില്‍ അഞ്ച് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് റബര്‍ മരങ്ങള്‍ കടപുഴകി. നെല്ലിക്കുന്നുംപുറത്ത് ഔസേപ്പച്ചന്റെ ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് മരം വീണ് വീട് തകര്‍ന്നു. മണ്ടന്‍മലയില്‍ തങ്കപ്പന്റെ വീടിന്റെ പാരപ്പെറ്റിന് കേടുപാടുകള്‍ സംഭവിച്ചു.
സമീപത്ത് നിന്ന പ്ലാവ് വീണ് കോടമുള്ളില്‍ ബേബിയുടെ വീടിന്റെ പാരപ്പെറ്റ് തകര്‍ന്നിട്ടുണ്ട്. പതിയില്‍ പുത്തന്‍പുരയില്‍ ഓമനയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് റബര്‍ മരം വീഴുകയായിരുന്നു. വട്ടക്കാട്ട് ജോയിയുടെ വീട്ടിലേക്കും മരം വീണു. ചേറ്റൂര്‍ ആന്റുവിന്റെ കൂറ്റന്‍ ആഞ്ഞിലിയും കടപുഴകി. പെരുമ്പല്ലൂരിലുള്ള തനിമ സ്‌റ്റോഴ്‌സിന്റെ അലമാരയും കാറ്റില്‍ മറിഞ്ഞു വീണു. കൊമ്പനാല്‍ പുത്തന്‍പുര രവിയുടെ ഓട് മേഞ്ഞ വീട്ടിലേക്ക് ആഞ്ഞിലി മരം വീണ് തകര്‍ന്നു. ആരക്കുഴ, വള്ളിക്കട, ആവോലി മേഖലകളില്‍ കാറ്റിന്റെ നാശനഷ്ടം കുറവാണ്.
മൂവാറ്റുപുഴ ടൗണില്‍ അരക്കുഴ റൂട്ടില്‍ പള്ളിക്കാവ് അമ്പലത്തിന് സമീപം അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ നിലംപൊത്തി. നിരവധി മരങ്ങളും റോഡിലേക്ക് വീണു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. എം.സി. റോഡിലേക്കും ,ആരക്കുഴ റോഡിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും കെ.എസ്. ഇ.ബി. ജീവനക്കാരും മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. എം.സി. റോഡിലും, ആരക്കുഴ റോഡിലും മരങ്ങള്‍ വീണതോടെ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതം താറുമാറായി. ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണ് ഒടിഞ്ഞതോടെ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും തകരാറിലായി.
റവന്യു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കണക്കെടുപ്പ് നടത്തിയാലെ നഷ്ടത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയുകയൊള്ളു. കെ.എസ്.ഇ.ബിയ്ക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെ വൈദ്യുതി ബന്ധം ഇന്ന് പുനസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."