കാമുകിയുടെ മക്കളെ തീകൊളുത്തിക്കൊന്ന കേസില്‍ ഇരട്ട ജീവപര്യന്തവും 20,000 രൂപ പിഴയും
തൊടുപുഴ: കാമുകിയുടെ മക്കളെ തീകൊളുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.വണ്ടിപ്പെരിയാര്‍ ധര്‍മ്മവാലി സ്വദേശി മാരിമുത്തു (35) വിനെയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജ് മധുകുമാര്‍ ശിക്ഷിച്ചത്. വള്ളക്കടവ് ഫോറസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള പൊന്‍നഗര്‍ കോളനിയിലെ വെണ്ണിലയുടെയും തങ്കവേലുവിന്റെയും മക്കളായ ഭഗവതി (17), ശിവ (11) എന്നിവരാണ് കൊല്ലപ്പെട്ടത്.
2013 മാര്‍ച്ച് 21 നായിരുന്നു കേസിനാസ്പദ സംഭവം. സംഭവദിവസം പുലര്‍ച്ചെ മൂന്നോടെ കുട്ടികള്‍ കിടന്നുറങ്ങിയ വീടിന്റെ പിന്‍ഭാഗത്തെ കതകുതുറന്ന് അകത്തുകടന്ന മാരിമുത്തു ഇവരുടെ ദേഹത്തും മുറിയിലും പെട്രോള്‍ ഒഴിച്ചശേഷം തീ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കയറിയ വാതിലില്‍ക്കൂടി തന്നെ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു.
മാരിമുത്തുവും മരിച്ച ഭഗവതിയും കൂട്ടുകാരായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന മാരിമുത്തുവിന് അമ്മയുമായുള്ള അവിഹിതബന്ധത്തെ ഭഗവതി എതിര്‍ത്തു. ഒരു വര്‍ഷത്തോളം ബന്ധം തുടര്‍ന്നു.
ഇയാള്‍ വീട്ടില്‍ വരരുതെന്ന് ഭഗവതി വിലക്കി. തുടര്‍ന്ന് വഴക്കുണ്ടാവുകയും ചെയ്തിരുന്നു. സംഭവദിവസം പെട്രോളുമായി കക്കികവലിയില്‍ ബസിറങ്ങിയ മാരിമുത്തു റോഡില്‍ കൂടിയും തേയില തോട്ടത്തിലൂടെയും നടന്ന് വള്ളക്കടവിലെത്തി. ഇതിനിടെ ഒരു വീട്ടില്‍നിന്ന് കമ്പിളിപ്പുതപ്പും അലുമിനിയം ചെരുവവും മോഷ്ടിച്ചു. രാത്രി പന്ത്രണ്ടോടെ വള്ളക്കടവില്‍ ഭഗവതിയുടെ വീടിന് അടുത്തെത്തിയപ്പോള്‍ വെളിച്ചവും ടിവിയുടെ ശബ്ദവും ഉണ്ടായിരുന്നതുകൊണ്ട് തിരികെ പോയി. വീണ്ടും 21 ന് മടങ്ങിയെത്തിയാണ് കൃത്യം നടത്തിയത്. വണ്ടിപ്പെരിയാര്‍ പൊലിസ് അസ്വാഭാവിക മരണത്തിനാണ്‌കേസെടുത്തത്.
11 മാസം ലോക്കല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ അപാകമുണ്ടെന്ന് കാട്ടി അച്ഛന്‍ തങ്കവേലു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മാരിമുത്തുവിന്റെ ചിത്രം ലഭ്യമല്ലാത്തതിനാല്‍ ഓര്‍ഡിനറി സിനിമയില്‍ എക്‌സ്ട്രാ നടനായിരുന്ന ഇയാളുടെ ചിത്രം സംഘടിപ്പിച്ചു. ഈ ഫോട്ടോ വച്ചായിരുന്നു അന്വേഷണം. ലുക്ക് ഔട്ട്‌നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടെ മാരിമുത്തുവിനെ കട്ടപ്പനയില്‍ വച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പം സെന്തില്‍ എന്ന ഒരാളേയും പ്രതിചേര്‍ത്തിരുന്നുവെങ്കിലും വിചാരണ വേളയില്‍ ഒഴിവാക്കപ്പെട്ടു. കഞ്ചാവ് വാങ്ങാനും മറ്റ് അനാശാസ്യപ്രവര്‍ത്തനത്തിനും മാരിമുത്തുവിനെ സഹായിച്ചിരുന്ന ആളാണ് സെന്തില്‍. സെന്തില്‍കുമാറാണ് പെട്രോള്‍ സംഘടിപ്പിച്ച് മാരിമുത്തുവിന് നല്‍കിയത്.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ ജി സൈമണ്‍, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മധു ബാബു, വി ജി രവീന്ദ്രനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."