ലൈഫ് പദ്ധതി കനിഞ്ഞില്ല; മോഹം ബാക്കിയാക്കി ഗൃഹനാഥന്‍ യാത്രയായി
കിളിമാനൂര്‍: ലൈഫ് പദ്ധതി വന്നെങ്കിലും പഞ്ചായത്തധികൃതരുടെ അനാസ്ഥ മൂലം അപേക്ഷകരില്‍ ഭൂരിഭാഗവും തഴയപ്പെട്ട പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ വീടെന്ന മോഹം ബാക്കിയാക്കി ഗൃഹനാഥന്‍ മരിച്ചു.
കൊടി പിടിക്കാനും സിന്ദാബാദ് വിളിക്കാനും കൂടെ പോകാത്തതാണ് വീട് നല്‍കാത്തതെന്ന് മരിച്ചയാളുടെ ഭാര്യ സുപ്രഭാതത്തോട് പറഞ്ഞു. പഞ്ചായത്ത് ചെമ്പരംകോണം ചരുവിള പുത്തന്‍ വീട്ടില്‍ നടേശന്‍ (58) ആണ് കഴിഞ്ഞ ദിവസം ചെറുതെങ്കിലും സ്വന്തമായി വീടെന്ന മോഹം ബാക്കി വെച്ച് മരിച്ചത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണ് നടേശന്‍.
കൂലിപ്പണിയായിരുന്നു തൊഴില്‍. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വീടിന് മുന്നില്‍ അലങ്കരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണായിരുന്നു മരണം. ഹൃദയ സംബന്ധമായി അസുഖമുള്ള ആളായിരുന്നു നടേശന്‍.
ഭാര്യയും മൂന്നു മക്കളും അവരുടെ നാല് കുട്ടികളും അടങ്ങുന്നതാണ് നടേശന്റെ കുടുംബം. ഇതില്‍ രണ്ടു പെണ്‍മക്കള്‍ വിവാഹിതനാണ്. അവരിരുവരും സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ചെങ്ങറ സമര ഭൂമിയില്‍ കുടില്‍ കെട്ടിയാണ് താമസിക്കുന്നത്.
നടേശനും ഭാര്യ സുധര്‍മ്മയും മകന്‍ സനീഷും പ്ലാസ്റ്റിക്ക് കൊണ്ട് കുത്തിമറച്ച കുടിലിലാണ് താമസിക്കുന്നത്. സമീപത്ത് മകന്‍ ചെറിയൊരു വീട് വെക്കുന്നുണ്ട്. അതിന്റെ പണി പൂര്‍ത്തിയായിട്ടില്ല.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീട് നല്‍കുന്നതടക്കം നിരവധി പദ്ധതികളാണ് ഉള്ളത്. ഇതുവരെ ഒന്നും ഇവരെ തേടി വന്നിട്ടില്ല. വീടിനായി നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നിവര്‍ പറയുന്നു.
എല്ലാ ഗ്രാമ സഭകളിലും പങ്കെടുക്കുമെങ്കിലും ആനുകൂല്യങ്ങളുടെ കാര്യം വരുമ്പോള്‍ തങ്ങള്‍ തഴയപ്പെടുകയാണ്. രാഷ്ട്രീയ വിരോധമാണ് ഇതിനു കാരണം. ലൈഫ് പദ്ധിതിയിലും അതാണ് സംഭവിച്ചതെന്ന് നടേശന്റെ ഭാര്യ സുധര്‍മ പറയുന്നു.
നിരവധി പേര്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ പഞ്ചായത്തില്‍ നിന്ന് വീട് നല്‍കുമ്പോഴും വീട് കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് നടേശന്‍ കഴിഞ്ഞതെന്നും സുധര്‍മപറയുന്നു. ഞങ്ങള്‍ താമസിക്കുന്ന വീടും അവസ്ഥയും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും മനുഷ്യാവകാശം പോലും ഞങ്ങള്‍ക്ക് നിഷേധിക്കുകയാണെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."