'കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മിനകത്ത് ആശയക്കുഴപ്പം'
കൊണ്ടോട്ടി: സി.പി.എമ്മിനകത്തെ ആശയക്കുഴപ്പമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച വാചകം പിന്‍വലിക്കാന്‍ കാരണമെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പതാകജാഥക്ക് ജില്ലയിലെ ആദ്യ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി സഖ്യമില്ലാതെ ബി.ജെ.പിയെ ചെറുക്കണമെന്നുള്ള വാദം ചോര പൊടിയാതെ ശസ്ത്രക്രിയ നടത്തണമെന്ന് പറയും പോലെയാണ്. നടക്കാത്ത കടുംപിടുത്തങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും തുല്യ അപകടമായി കണ്ടുകൂടാ എന്ന് പറയുന്നവര്‍ പ്രമേയത്തിനകത്ത് കൈപൊള്ളുന്ന വാചകം എഴുതി ചേര്‍ത്തത് എന്തിനാണ്?, അദ്ദേഹം ചോദിച്ചു.
പുലത്ത് കുഞ്ഞു അധ്യക്ഷനായി. കെ.പി രാജേന്ദ്രന്, വി. ചാമുണ്ണി, പി.കെ ജനാര്ദനന്, അഡ്വ. പി.കെ വസന്തം, സന്തോഷ് കുമാര്‍, മഹേഷ് കക്കത്ത് സംസാരിച്ചു. ജില്ലാതിര്‍ത്തിയായ ഐക്കരപ്പടിയില്‍ തുളസീദാസ് മോനോന്, പി. സുബ്രഹ്മണ്യം, എ. മോഹന്‍ദാസ്, പി. മൈമൂന, അഡ്വ. കെ.കെ സമദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കൊണ്ടോട്ടി,മലപ്പുറം, പെരിന്തല്‍മണ്ണ കേന്ദ്രങ്ങളിലാണ് ജില്ലയില്‍ സ്വീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."