പാര്‍ക്കിങ് സൗകര്യമില്ല: ഗതാഗതക്കുരുക്കില്‍ മുറുകി നഗരം
കാസര്‍കോട്: നഗരത്തില്‍ പാര്‍ക്കിങ് സൗകര്യത്തിന്റെ അപര്യാപ്തത കാരണം ഗതാഗത കുരുക്ക് മുറുകുന്നു. പഴയ ബസ്സ്റ്റാന്‍ഡ്, താലൂക്ക് ഓഫിസ്, പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് കാല്‍നട യാത്രപോലും ദുസ്സഹമായി മാറിയത്.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടോസ്റ്റാന്‍ഡിനു സമാന്തരമായി നൂറുകണക്കിനു ബൈക്കുകളാണ് രാവിലെ മുതല്‍ രാത്രിവരെ പാര്‍ക്ക് ചെയ്യുന്നത്. ഇതു കാരണം ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലേക്കു ആളുകള്‍ക്ക് പ്രവേശിക്കാനുള്ള വഴി ഉള്‍പ്പെടെ തടസപ്പെടുന്നു. ഇതിനു പുറമെ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു പുറത്തിറങ്ങി നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്കു സഞ്ചരിക്കുമ്പോഴും മാര്‍ഗ തടസ്സം സൃഷ്ടിച്ചു പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകള്‍ കുരുക്കാവുകയാണ്.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സ്ഥാപനങ്ങളിലേക്കു വരുന്ന സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിങ് സ്ഥലമില്ലാത്തതു കാരണം ദേശീയപാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്ക് ചെയ്യുന്നതും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്.
നഗരത്തിലെ പാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടു കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാനുള്ള യാതൊരുവിധ നടപടികളും നഗരസഭയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ മറവു കാരണം പാതയില്‍ കൂടി അമിത വേഗതയില്‍ വരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കാല്‍നട യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നില്ല. ഇത് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."