ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പരിശോധന മുടങ്ങി
തളിപ്പറമ്പ്: നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പരിശോധന തടസപ്പെട്ടു. തളിപ്പറമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ആര്‍.ടി ഓഫിസിലുളള ശരിയായ രേഖകളുമായി ഒത്തുനോക്കാതെ പരിശോധന നടത്തിയതിനെ ഒരുവിഭാഗം എതിര്‍ത്തതോടെയാണ് പരിശോധന മുടങ്ങിയത്. ഇന്നലെമുതല്‍ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് നമ്പറുകള്‍ ആരംഭിക്കുമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചതു പ്രകാരം ഒന്ന് മുതല്‍ 150 വരെ പെര്‍മിറ്റുളള ഓട്ടോറിക്ഷകളാണ് പരിശോധനക്കെത്തിയിരുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍മാര്‍ തമ്മില്‍ അല്‍പനേരം സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് എതിര്‍പ്പുമായി രംഗത്തുവന്ന സംഘടനാ പ്രവര്‍ത്തകര്‍ പരിശോധന ബഹിഷ്‌കരിക്കുകയായിരുന്നു. ഇവര്‍ ജോ. ആര്‍.ടി.ഒയെ കണ്ട് കൃത്യമായ രേഖകള്‍ ഇല്ലാതെ പരിശോധന നടത്തരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇന്നലെയും തിങ്കളാഴ്ചയും നടക്കേണ്ടിയിരുന്ന പരിശോധന മാറ്റിവച്ചു. പെര്‍മിറ്റ് നമ്പര്‍ 301 മുതലുളള പരിശോധന നേരത്തെ അറിയിച്ചതനുസരിച്ച് നടക്കുമെന്ന് ജോ. ആര്‍.ടി.ഒ അറിയിച്ചു. 1200 ഓട്ടോറിക്ഷകള്‍ക്കാണ് തളിപ്പറമ്പില്‍ പെര്‍മിറ്റ് നല്‍കിയത്. ഇതില്‍ 247 താല്‍ക്കാലിക നമ്പറുകളാണ്. ഒഴിവുകള്‍ കണ്ടെത്താനാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."