നഴ്‌സുമാരുടെ പണിമുടക്ക് നാളെ മുതല്‍
തിരുവനന്തപുരം: സുപ്രിംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരടു വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. അറുപതിനായിരത്തോളം നഴ്‌സുമാര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സമരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയെ പൂര്‍ണമായും സ്തംഭിപ്പിച്ചേക്കും. അതേസമയം, തൃശൂര്‍ പൂരം നടക്കുന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്‌സിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
പണിമുടക്കിനൊപ്പം ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന വാക്ക് ഫോര്‍ ജസ്റ്റിസ് ലോങ് മാര്‍ച്ചിനും നാളെ തുടക്കമാകും. പതിനായിരത്തിലധികം നഴ്‌സുമാര്‍ മാര്‍ച്ചില്‍ അണിനിരക്കും. മാര്‍ച്ച് 168 കിലോമീറ്റര്‍ ദൂരം പിന്നിട്ട് തലസ്ഥാനത്തെത്താന്‍ എട്ടു ദിവസമെടുക്കും. 1300 പുരുഷ നഴ്‌സുമാരും 9000 വനിതാ നഴ്‌സുമാരുമാണ് മാര്‍ച്ചില്‍ പങ്കെടുക്കുക. മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മാര്‍ച്ചിനോട് സാമ്യമുള്ളതിനാല്‍ മാര്‍ച്ച് ദേശീയ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാര്‍ച്ചിനുവേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്ന നഴ്‌സുമാരാകും മാര്‍ച്ചിന്റെ മുന്‍പന്തിയിലുണ്ടാവുക. വടക്കന്‍ ജില്ലകളിലെ നഴ്‌സുമാര്‍ ചേര്‍ത്തലയിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നു മാര്‍ച്ച് ആരംഭിച്ച് ഓരോ കേന്ദ്രങ്ങളില്‍ നിന്നും സമരക്കാര്‍ മാര്‍ച്ചിനൊപ്പം ചേരാനാണ് പദ്ധതി. വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും മറ്റുമായി ദേശീയ പാതയോരത്തെ ഓഡിറ്റോറിയങ്ങള്‍ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. അഞ്ചു മൊബൈല്‍ ടോയ്‌ലറ്റുകളും സ്ഥാപിക്കും. രണ്ടു ആംബുലന്‍സുകള്‍, ആറ് ടെംപോ ട്രാവലറുകള്‍ എന്നിവ മാര്‍ച്ചിന് ഒപ്പമുണ്ടാകും. വിവിധയിടങ്ങളിലെ സ്‌കൂള്‍ ബസുകളും സമരക്കാര്‍ക്കായി പ്രയോജനപ്പെടുത്തും. സ്‌കൂള്‍ ഒഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ ഓരോ കവലയിലും തെരുവുനാടകം അവതരിപ്പിക്കും.
പണിമുടക്കും മാര്‍ച്ചും ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ലേബര്‍ കമ്മിഷണര്‍ യു.എന്‍.എ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു മാസം സമയം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇനിയും വഞ്ചിക്കപ്പെടാന്‍ വയ്യെന്ന നിലപാടില്‍ അസോസിയേഷന്‍ അതിന് വഴങ്ങിയില്ല. സര്‍ക്കാര്‍ ആദ്യം ഇറക്കിയ കരട് രേഖയും ശമ്പളപരിഷ്‌കരണത്തില്‍ ഭേദഗതി വരുത്തി മിനിമം വേജ് ഉപദേശക സമിതി തയാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാരിന് മുന്നിലുണ്ട്. രണ്ടു റിപ്പോര്‍ട്ടുകളിലെയും ശുപാര്‍ശകളില്‍ ഏത് വേണമെന്ന് അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് മുമ്പാകെ തടസങ്ങളൊന്നുമില്ലാതിരുന്നിട്ടും സാവകാശം ചോദിച്ചതാണ് നഴ്‌സുമാരെ ചൊടിപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് നഴ്‌സുമാര്‍ കഴിഞ്ഞ 16 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."