സ്ത്രീപീഡകരെ ജനപ്രതിനിധികളാക്കിയതില്‍ ഒന്നാം സ്ഥാനത്ത് ബി.ജെ.പി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവരില്‍ മുന്‍പന്തിയില്‍ ബി.ജെ.പിക്കാരെന്ന വാര്‍ത്തക്കു പിന്നാലെ ഇത്തരക്കാരെ ജനപ്രതിനിധികളാക്കിയതിലും ബി.ജെ.പി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആര്‍) എന്നീ സന്നദ്ധ സംഘടനകള്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയ പാര്‍ലമെന്റ്, അസംബ്ലി അംഗങ്ങളില്‍ 48ല്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ബി.ജെ.പിയിലാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയ 11 പേരെയാണ് ബി.ജെ.പി എം.പിമാരാക്കിയത്. ഒരാളെ ഗുജറാത്തില്‍ എം.എല്‍.എയുമാക്കി. രണ്ടാം സ്ഥാനത്തുള്ളത് എന്‍.ഡി.എയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയാണ്. സ്ത്രീ പീഡകരായ ഏഴു പേരെയാണ് ശിവസേന എം.പിമാരാക്കിയത്. ആറു പേരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും അഞ്ച് എം.പിമാരും ഒരു എം.എല്‍.എയുമുള്ള തെലുഗു ദേശം പാര്‍ടി നാലാം സ്ഥാനത്തുമുണ്ട്. ഇത്തരം കേസുകളില്‍പെട്ട നാല് അംഗങ്ങള്‍ വീതമുള്ള കോണ്‍ഗ്രസും ബിജു ജനതാദളുമാണ് അഞ്ചാം സ്ഥാനത്ത്. കക്ഷി രഹിതര്‍ (മൂന്ന്), ജെ.എം.എം, ആര്‍.ജെ.ഡി, ഡി.എം.കെ എന്നിവര്‍ രണ്ട് വീതവും ഒരംഗവുമായി സി.പി.എം എട്ടാം സ്ഥാനത്തുമുണ്ട്.
സ്ത്രീകളെ തട്ടികൊണ്ടുപോകല്‍, ബലാല്‍സംഗം ചെയ്യല്‍ അടക്കമുള്ള കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. മൊത്തം 48 ജനപ്രതിനിധികളില്‍ 45 പേര്‍ എം.പിമാരും മൂന്നു പേര്‍ എം.എല്‍.എമാരുമാണ്.
ഗുജറാത്തിലെ ശെഹ്‌റ അസംബ്ലി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ജയിച്ച ജെത്താഭായി ജി ആഹിര്‍, ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് ടി.ഡി.പി എം.എല്‍.എ ജി. സൂര്യനാരായണ, ബിഹാറിലെ ജന്‍ജാര്‍പൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ആര്‍.ജെ.ഡി അംഗം ഗുലാബ് യാദവ് എന്നിവരാണ് തങ്ങള്‍ക്കെതിരേ ബലാല്‍സംഗ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 4,120 എം.എല്‍.എമാരില്‍ 4,077 പേരുടെ സത്യവാങ്മൂലവും 776 എം.പിമാരില്‍ 768 അംഗങ്ങളുടെ അഫിഡവിറ്റുകളും പരിശോധിച്ചാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."