അര്‍മീനിയയില്‍ പ്രതിപക്ഷ എം.പി അറസ്റ്റില്‍
യെരെവാന്‍: മുന്‍ സോവിയറ്റ് രാജ്യമായ അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പ്രതിപക്ഷ എം.പി അറസ്റ്റില്‍. പ്രതിപക്ഷ പാര്‍ട്ടി നേതാവായ നിക്കോള്‍ പഷിന്യാന് ആണു പൊലിസിന്റെ പിടിയിലായത്.
പ്രധാനമന്ത്രി സെര്‍സ് സര്ഗിസ്യാനുമായി നിക്കോള്‍ വാഗ്വാദത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും കൂടിക്കാഴ്ചയില്‍ നിക്കോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ബ്ലാക്ക്മെയിലിങ്ങാണെന്നു പറഞ്ഞ് സര്ഗിസ്യാന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
അടുത്തിടെ നടന്ന ഭരണഘടനാ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ അധികാരം ശക്തിപ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് കഴിഞ്ഞയാഴ്ച അര്‍മീനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. അധികാരം ഉറപ്പിക്കാനുള്ള സര്ഗിസ്യാന്റെ ശ്രമത്തിന്റെ ഭാഗമാണ് ഭേദഗതിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."