നിക്കരാഗ്വയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 25 ആയി
മനാഗുവ: നിക്കരാഗ്വയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണസംഖ്യ 25 ആയി. പൊലിസ് നടത്തിയ വെടിവയ്പ്പിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. കൊല്ലപ്പെട്ടവരില്‍ ഒരു മാധ്യമപ്രവര്‍ത്തനും ഉള്‍പ്പെടും. അതിനിടെ, കലാപം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി.
രാജ്യത്തെ കരീബിയന്‍ തീരനഗരമായ ബ്ലൂഫീല്‍ഡ്‌സില്‍ നടന്ന ജനകീയ പ്രക്ഷോഭം ഫേസ്ബുക്ക് വഴി ലൈവായി പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകനായ എയ്ന്‍ജല്‍ ഗഹോന കൊല്ലപ്പെട്ടത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ഗഹോന.
പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്ത് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നത്. ഏപ്രില്‍ 18ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെയായി 25 പേര്‍ കൊല്ലപ്പെട്ടതായാണു രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ നല്‍കിയ വിവരം. 67 പേര്‍ക്ക് പൊലിസ് വെടിവയ്പ്പില്‍ പരുക്കേല്‍ക്കുകയും 43 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.തൊഴിലാളികള്‍ക്കും വിവിധ കമ്പനി ജീവനക്കാര്‍ക്കുമുള്ള പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള ഗുണം വെട്ടിച്ചുരുക്കുകയും ചെയ്ത നടപടിയാണ് രാജ്യത്ത് വന്‍ പ്രക്ഷോഭത്തിലേക്കു നയിച്ചിരിക്കുന്നത്. തലസ്ഥാനമായ മനാഗുവയില്‍ ആരംഭിച്ച പ്രക്ഷോഭം തുടര്‍ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു.
തൊഴിലാളികള്‍ക്കു പുറമെ ആയിരക്കണക്കിനു വിദ്യാര്‍ഥികളും ഭാഗമായതോടെയാണു പ്രക്ഷോഭം ശക്തിപ്രാപിച്ചത്.എന്നാല്‍, സമരക്കാരുമായി ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നു നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റ് റൊസാരിയോ മ്യുറിലോ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."