കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 57 മരണം
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ പകുതി പേരും സ്ത്രീകളും കുട്ടികളുമാണെന്നാണു വിവരം. 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
പടിഞ്ഞാറന്‍ കാബൂളിലെ ദഷ്‌തെ ബര്‍ച്ചിയിലെ വോട്ടിങ് രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ വരിനിന്ന ആള്‍ക്കൂട്ടത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇവിടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം നടന്നുവരികയായിരുന്നു. ആമാഖ് വെബ്‌സൈറ്റിലൂടെയാണ് ആക്രമണത്തിന്റെ അവകാശവാദവുമായി ഐ.എസ് രംഗത്തെത്തിയത്. 21 സ്ത്രീകളും അഞ്ചു കുട്ടികളും സംഭവത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ വാര്‍ത്താ ഏജന്‍സിയായ പജ്‌വോക്ക് റിപ്പോര്‍ട്ട് ചെയ്തു.
രക്തത്തില്‍ കുതിര്‍ന്ന വിവിധ രേഖകളും ഫോട്ടോകളും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വോട്ടര്‍ കേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ നാലോളം ആക്രമണങ്ങള്‍ സമാനമായ രൂപത്തിലുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഈ വര്‍ഷം ജനുവരിയില്‍ കാബൂളിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടങ്ങിയ സ്ഥലത്ത് നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിക്കാനും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുമായാണ് ഐ.എസും താലിബാനും രാജ്യത്ത് നിരന്തരം സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്ന് നേരത്തെ അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."