ജെ.ജെ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പാഠ്യേതര ഇനങ്ങളില്‍ പരിശീലനം നല്‍കണം
മുക്കം: സംസ്ഥാനത്തെ വനിതാ- ശിശു വികസന വകുപ്പിന് കീഴിലുള്ള ജൂവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് മധ്യവേനലവധിക്കാലത്ത് പാഠ്യേതര, കലാ-കായിക ഇനങ്ങളില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഉത്തരവിട്ടു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്.
അവധിക്കാലം കുട്ടികള്‍ക്ക് ആനന്ദകരവും പ്രയോജനകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഒരു ചില്‍ഡ്രന്‍സ് ഹോമിന് ഇരുപതിനായിരം രൂപ വകുപ്പ് നല്‍കും. ഓരോ സ്ഥാപനവും മധ്യവേനലവധിക്കാലത്ത് സംഘടിപ്പിച്ച പരിപാടികളുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ജൂണ്‍ 15 ന് മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കണം.
യോഗ പരിശീലനം, കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, നീന്തല്‍, സൈക്ലിങ് പരിശീലനങ്ങള്‍, കലാ- കായിക പരിശീലനം, ലൈഫ് സ്‌കില്‍ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഉത്തരവിലുണ്ട്. അതതു സ്ഥലത്തുനിന്നുള്ള വിദഗ്ധ യോഗ പരിശീലകരെ കണ്ടെത്തിയാണ് യോഗ പരിശീലനം നല്‍കേണ്ടത്.
ഏപ്രില്‍, മെയ് മാസങ്ങള്‍ സ്ഥാപനങ്ങളില്‍ വായന മാസങ്ങളായി ആചരിക്കണം. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് രസകരവും വിജ്ഞാനപ്രദവുമായ പുസ്തകങ്ങള്‍ നല്‍കണം.
താല്‍പര്യവും ശേഷിയുമുള്ള കുട്ടികള്‍ക്ക് നീന്തല്‍, സൈക്ലിംങ് എന്നീയിനങ്ങളില്‍ അതതു സ്ഥലത്ത് നിന്നുള്ള പരിശീലകരെ കണ്ടെത്തിയോ ഏതെങ്കിലും ക്ലബ്ബുകളുമായി സഹകരിച്ചോ പരിശീലനം നല്‍കണം.
പരിശീലനം നല്‍കുമ്പോള്‍ കുട്ടികളുടെ സുരക്ഷ കര്‍ശനമായി പാലിക്കണമെന്നും പെണ്‍കുട്ടികള്‍ക്കുള്ള പരിശീലനത്തിന് സ്ത്രീകളെ മാത്രമേ നിയോഗിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമായ കലാ കായിക പരിശീലനം നല്‍കാന്‍ അതതു സ്ഥലങ്ങളിലെ കലാ-കായിക പ്രവര്‍ത്തകരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
കുട്ടികളുടെ ചിന്തയും ഭാവനയും ആത്മവിശ്വാസവും വളര്‍ത്തുന്നതിന് മേഖലയിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം.
അതേസമയം മധ്യവേനലവധി പകുതിയോടടുക്കുമ്പോള്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പ്രത്യേക പരിശീലനങ്ങള്‍ക്കായി അനുവദിച്ച തുക കുറഞ്ഞു പോയതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."