പ്രവാസി ചിട്ടിയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു: ചെന്നിത്തല
കൊച്ചി: പ്രവാസി ചിട്ടിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി ചിട്ടിയില്‍ നിക്ഷേപം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ പൊടിച്ച് വിദേശത്ത് സന്ദര്‍ശനം നടത്തിയിട്ട് ഒരു രൂപയുടെ നിക്ഷേപം പോലും സംസ്ഥാനത്ത് എത്തിക്കാനായില്ല. സംസ്ഥാന സര്‍ക്കാരില്‍ പ്രവാസികളുടെ വിശ്വാസം നഷ്ടപ്പെടുത്താനേ ഇത് ഉപകരിച്ചുള്ളൂ.
50,000 കോടിയുടെ പദ്ധതികള്‍ 4200 കോടി രൂപ മാത്രം നീക്കിയിരിപ്പുള്ള കിഫ്ബി വഴി നടത്താമെന്ന് പറഞ്ഞ ധനമന്ത്രി അതിനുള്ള വരുമാനം കണ്ടെത്താനാണ് പ്രവാസി ചിട്ടി ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പ്രവാസി ചിട്ടിയില്‍ ചേരാന്‍ അധികം പേരും മുന്നോട്ട് വന്നില്ല.
സംസ്ഥാന സമ്പദ്വ്യവസ്ഥയില് കെ.എസ്.എഫ്.ഇയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നേറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജി.എസ്.ടി വരുമ്പോള്‍ അധിക നികുതി വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രിയേക്കാള്‍ ആവേശത്തോടെ പറഞ്ഞ സംസ്ഥാന ധനമന്ത്രി സര്‍ക്കാര്‍ കടക്കെണിയിലേയ്ക്ക് വീഴുന്നതിന് ജനങ്ങളോട് ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ആന്റണി അധ്യക്ഷനായി. കെ.വി തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനം വി.ഡി.സതീശന് എം.എല്‍.എയും സുഹൃദ് സമ്മേളനം വി. കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."