ടി.പി കൊലക്കേസ് പ്രതികള്‍ക്ക് വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുമതി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ക്ക് ജയിലിന് പുറത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുമതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്കാണ് കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ഒരു വോളിബോള്‍ ടൂര്‍ണമെന്റില്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാന്‍ ജയില്‍ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
ആദ്യമായിട്ടാണ് ജയിലിന് പുറത്തുനടക്കുന്ന ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തടവുകാര്‍ക്ക് ഇത്തരം ഒരു അനുമതി ജയില്‍ വകുപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് ജയില്‍ ഡി.ജി.പി ഇതിന് അംഗീകാരം നല്‍കിയതെന്നാണ് അറിയുന്നത്.
ടി.പി കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിക്രമന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എട്ടുപേരാണ് ജയില്‍ ടീമിലുള്ളത്. ദേശീയ താരമായിരുന്ന കിഷോറിന്റെ പരിശീലനത്തിലാണ് തടവുകാരുടെ ടീം ഇറങ്ങുന്നത്.
ചില അവസരങ്ങളില്‍ ജയിലിനകത്തു നടക്കുന്ന മത്സരങ്ങളില്‍ പുറത്തുനിന്നുള്ള ടീമുകള്‍ പങ്കെടുക്കാറുണ്ടെങ്കിലും തടവുകാരുടെ ടീം പുറത്തുപോയി കളിക്കുന്നത് ആദ്യമായിട്ടാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ചട്ടം ലംഘിച്ചുള്ള പരോള്‍ നല്‍കുന്നത് നേരത്തെ വിവാദമായിരുന്നു. കേസിലെ പ്രതികളില്‍ ഒരാളായ പി.കെ കുഞ്ഞനന്തന് ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചതിനു പുറമെ ശിക്ഷാകാലാവധിയില്‍ ഇളവ് നല്‍കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരേ ആര്‍.എം.പി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയതും വിവാദമായതിനു പുറമെയാണ് ഇപ്പോള്‍ പ്രതികള്‍ക്ക് പുറത്ത് വോളിബോള്‍ കളിക്കാനുള്ള സൗകര്യവും ആഭ്യന്തര വകുപ്പ് ഒരുക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ പിരിവെടുത്ത് ജയിലിനുള്ളില്‍ ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.
25 മുതല്‍ 28 വരെ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 'ജേര്‍ണലിസ്റ്റ് വോളി'യിലാണ് ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന തടവുകാര്‍ കളിക്കുക. 25ന് വൈകിട്ടാണ് പ്രദര്‍ശന മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."