കേരള പൊലിസിന്റെ പെരുമാറ്റം മോശം: ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്
തിരുവനന്തപുരം: കസ്റ്റഡി മരണടക്കമുള്ള സംഭവങ്ങളില്‍ കേരള പൊലിസിന്റെ പങ്ക് വ്യക്തമാകുമ്പോളും മോശം പെരുമാറ്റമാണെന്ന ആരോപണവുമായി വിദേശിയും രംഗത്ത്.
ആയുര്‍വേദ ചികിത്സക്കിടെ കാണാതാകുകയും പിന്നീട് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ലിത്വാനിയ സ്വദേശിനി ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസാണ് സംസ്ഥാന പൊലിസിന്റെ മോശം പെരുമാറ്റത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഐറിഷ് പത്രമായ സണ്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് കേരള പൊലിസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ആന്‍ഡ്രൂസ് ആരോപണമുയര്‍ത്തിയത്.
ലിഗയെ കാണാതായത് സംബന്ധിച്ച് പരാതിയുമായി ചെന്നപ്പോള്‍ പൊലിസ് തന്നെ മാനസിക രോഗിയാക്കുകയായിരുന്നുവെന്ന് ആന്‍ഡ്രൂസണ്‍ പറയുന്നു. ലിഗയെ കാണാതായ സ്ഥലത്തിനു സമീപത്താണ് പൊലിസ് സ്റ്റേഷന്‍. എന്നിട്ടും തെരച്ചിലിന് ആത്മാര്‍ഥമായ ശ്രമം പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
കേരളത്തിലെ ഒരു ഹോട്ടലില്‍ ഭാര്യയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പിന്നീട് പൊലിസ് എത്തി മനോരോഗിയായി ചിത്രീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആന്‍ഡ്രൂസ് പറയുന്നു.
തന്റെ അനുവാദമില്ലാതെയാണ് ആറുദിവസം ആശുപത്രിയില്‍ കിടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭിമുഖത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആരോപണത്തോട് പൊലിസ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം കോവളം പനത്തുറ കടവിന് സമീപം കൂനം തുരുത്തില്‍ നിന്നു കണ്ടെത്തിയ, ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ പരിശോധനാഫലവും വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതവരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."