ഓളപ്പരപ്പില്‍ സ്വപ്‌നസാഫല്യം;ലോക റെക്കോര്‍ഡുമായി ചാള്‍സന്‍ ഏഴിമല
പയ്യന്നൂര്‍: 124 പേരെ നൂറു മിനുട്ടിനുള്ളില്‍ നീന്തല്‍ പഠിപ്പിച്ച് ചാള്‍സണ്‍ ഏഴിമലക്ക് ലോകറെക്കോര്‍ഡ്. പയ്യാമ്പലത്ത് ടൂറിസം ലൈഫ്ഗാര്‍ഡും കായല്‍, പുഴ, കടല്‍ നീന്തലിലൂടെ ലോക റെക്കോര്‍ഡ് ജേതാവുമായ ചാള്‍സണാണ് നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി കവ്വായി കായലിന്റെ ഓളപ്പരപ്പില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. രാമന്തളി ഏറന്‍ പുഴയോരത്ത് നടന്ന സമാപന യോഗത്തില്‍ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഒഫിഷ്യല്‍ ജൂറി യാസര്‍ അറാഫത്ത്, കാര്‍ട്ടൂണിസ്റ്റ് എം. ദിലീപ് എന്നിവരാണ് റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്. യാതൊരുവിധ ഉപകരണങ്ങളും ശരീര സ്പര്‍ശവുമില്ലാതെ നൂറ് മിനിട്ടിനുള്ളില്‍ ഏറ്റവും കൂടുതലാളുകളെ നീന്തല്‍ പഠിപ്പിച്ചതിനുള്ള അത്യപൂര്‍വ ബഹുമതിയാണ് ചാള്‍സണ് ലഭിച്ചിരിക്കുന്നതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.
കലക്ടര്‍ മീര്‍ മുഹമ്മദ് അലി സമാപന യോഗം ഉദ്ഘാടനം ചെയ്ത് പുതിയ റെക്കോര്‍ഡ് ചാള്‍സന് സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.വി ഗോവിന്ദന്‍ അധ്യക്ഷനായി. ഗിന്നസ് റെക്കോര്‍ഡ് ജേതാക്കളായ അഭീഷ് പി. ഡൊമിനിക്, ഇന്ത്യന്‍ ബ്രൂസ്‌ലി എന്നറിയപ്പെടുന്ന കെ.ജെ ജോസഫ് എന്നിവരുടെ മാസ്മരിക പ്രകടനങ്ങളും അരങ്ങേറി.
ജനറല്‍ കണ്‍വീനര്‍ ഒ.കെ ശശി, ചാള്‍സണ്‍ ഏഴിമല സംസാരിച്ചു. ഒമ്പത് ഗിന്നസ് റെക്കോര്‍ഡ് ജേതാക്കളും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്നാണ് പരിപാടി ഫഌഗ് ഓഫ് ചെയ്തത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവ ലക്ഷ്യംവച്ച് നൂറു പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 124 പേരായിരുന്നു എത്തിയിരുന്നത്. എല്ലാവരേയും നീന്തിപ്പിച്ചതിനു പുറമെ പലരേയും ഈ സമയത്തിനുള്ളില്‍ വെള്ളത്തിനു മുകളില്‍ ഫ്‌ളോട്ടിങ് ചെയ്യാനും ചാള്‍സണ്‍ അഭ്യസിപ്പിച്ചപ്പോള്‍ കരയില്‍നിന്നു നിര്‍ത്താത്ത കരഘോഷം ഉയര്‍ന്നു. നൂറാം മിനിട്ടില്‍ പരിശീലനം അവസാനിച്ചപ്പോള്‍ നീന്തല്‍ പഠിക്കാനെത്തിയവര്‍ ചാള്‍സനെ എടുത്തുയര്‍ത്തിയാണ് കരയിലേക്കെത്തിച്ചത്. മറ്റു റെക്കോര്‍ഡുകള്‍ക്കു വേണ്ടി സാക്ഷ്യപ്പെടുത്തിയ ദൃശ്യങ്ങളും വിവരണങ്ങളും റെക്കോര്‍ഡ് പ്രതിനിധികള്‍ക്ക് ചാള്‍സണ്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."