നിരോധിത വസ്തുക്കള്‍ക്കുള്ള പിഴ സഊദി കുത്തനെ ഉയര്‍ത്തി
ജിദ്ദ: നിരോധിത വസ്തുക്കള്‍ കടത്തുന്നവര്‍ക്കുള്ള പിഴകള്‍ സഊദി കസ്റ്റംസ് കുത്തനെ ഉയര്‍ത്തി. ഏപ്രില്‍ 18 മുതല്‍ ഇത് ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കിത്തുടങ്ങി. മദ്യം കടത്തുന്നവര്‍ക്കുള്ള പിഴ ഒരു ലിറ്ററിന് 1500 റിയാലായി ഉയര്‍ത്തി. ഇതുവരെ ഒരു ലിറ്റര്‍ മദ്യം കടത്തുന്നവര്‍ക്ക് 83.33 റിയാലാണ് പഴ ചുമത്തിയിരുന്നത്. മൂന്നു ഡസനില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കടത്തുന്നവര്‍ക്ക് ലിറ്ററിന് 50 റിയാല്‍ തോതിലാണ് പിഴ ചുമത്തിയിരുന്നത്.
ഹെറോയിനും കൊക്കെയ്നും കടത്തുന്നവര്‍ക്കുള്ള പിഴ ഒരു കിലോക്ക് 20,000 റിയാലായി ഉയര്‍ത്തി. ഇതുവരെ ഒരു കിലോ ഹെറോയിന്‍ 4500 റിയാലായിരുന്നു പിഴ. മൂന്നു കിലോയില്‍ കൂടുതല്‍ ഹെറോയിന്‍ കടത്തുന്നവരില്‍നിന്ന് കിലോക്ക് 2700 റിയാല്‍ തോതിലാണ് പിഴ ഈടാക്കിയിരുന്നത്. കൊക്കെയ്ന്‍ കടത്തുകാര്‍ക്ക് കിലോക്ക് 1250 റിയാല്‍ തോതിലാണ് നേരത്തെ പിഴ ചുമത്തിയിരുന്നത്. മൂന്നു കിലോയില്‍ കൂടുതലാണെങ്കില്‍ കിലോക്ക് 750 റിയാലായിരുന്നു പിഴ. ലഹരി ഗുളിക കടത്തുന്നവര്‍ക്ക് ഒരു ഗുളികക്ക് 32 ഹലല തോതില്‍ ചുമത്തിയിരുന്ന പിഴ നാലു റിയാലാക്കി ഉയര്‍ത്തി.
ഒരു കിലോ ഹഷീഷിന് അയ്യായിരം റിയാലും ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിന് 150 മില്ലിലിറ്ററിന് 50 റിയാലും ഉത്തേജന ഇനത്തില്‍പെട്ട ഒരു കിലോ ഖാത്തിന് 100 റിയാലും ഇലക്ട്രോണിക് ഹുക്കക്ക് 500 റിയാലും ഇലക്ട്രിക് ഡിറ്റനേറ്ററിന് ആയിരം റിയാലും നിരോധിത ലേസര്‍ ഉപകരണത്തിന് ആയിരം റിയാലുമാണ് പിഴ.
വാഹന വേഗത നിരീക്ഷിക്കുന്ന റഡാര്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഉപകരണത്തിന് ആയിരം റിയാലും ഫോണ്‍ ചോര്‍ത്തല്‍ ഉപകരണത്തിന് ആയിരം റിയാലും രഹസ്യ ക്യാമറകള്‍ അടങ്ങിയ വാച്ചിനും പേനക്കും കണ്ണടക്കും ആയിരം റിയാലും ഈടാക്കും. ഒരു കിലോ പടക്കത്തിന് 500 റിയാലും കണ്ണീര് വാതകത്തിന് ഒരു യൂനിറ്റിന് ആയിരം റിയാലും ലൈംഗിക ഉപകരണത്തിന് ആയിരം റിയാലും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ സിനിമക്ക് 500 റിയാലും യന്ത്രത്തോക്കുകള്‍ക്ക് ഇനത്തിന് അനുസരിച്ച് 26,720 റിയാല്‍ മുതല്‍ 54,722 റിയാല്‍ വരെയുമാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. കള്ളനോട്ട് കടത്തുന്നവര്‍ക്ക് വ്യാജ കറന്‍സിക്ക് തുല്യമായ തുക പിഴയായി ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."