'വിടുവായത്തം നിര്‍ത്തണം, നമ്മുടെ തെറ്റുകള്‍ മാധ്യമങ്ങള്‍ക്ക് മസാലയാവുന്നു': പാര്‍ട്ടി പ്രതിനിധികള്‍ക്ക് മോദിയുടെ സാരോപദേശം
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെയും ജനപ്രതിനിധികളുടെയും വിടുവായത്തം വിവാദങ്ങളുണ്ടാക്കുന്നത് തുടരുന്നതിനിടെ സാരോപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ്, കത്‌വ പീഡനത്തിനു പിന്നില്‍ പാകിസ്താന്‍ തുടങ്ങി ഒട്ടനവധി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ 'സ്വയം വിമര്‍ശനം'.
''പലപ്പോഴും നമ്മുടെ തെറ്റുകളാണ് മാധ്യമങ്ങള്‍ക്ക് മസാലയാവുന്നത്. ഒരു ക്യാമറക്കാരനെ കാണുമ്പോഴേക്കും നമ്മള്‍ സംസാരിച്ചു തുടങ്ങുന്നു. പിന്നീട്, ഭാഗികമായോ, പൂര്‍ണമല്ലാത്തതോ ആയ വാക്യങ്ങള്‍ ഉപയോഗിക്കുന്നു. നമ്മള്‍ നിയന്ത്രണം പാലിക്കണം. സംസാരിക്കേണ്ടത് ആരുടെ ജോലിയാണോ അവര്‍ പറയട്ടേ''- ബി.ജെ.പി എം.പിമാരോടും എം.എല്‍.എമാരോടുമായി നമോ ആപ്പിലൂടെ മോദി ഉപദേശിച്ചു.
8-10 എം.പിമാര്‍ക്ക് കൂടുതല്‍ സംസാരിക്കുന്ന പ്രശ്‌നമുണ്ടെന്നും മോദി പറഞ്ഞു. എല്ലാവരും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതു രാജ്യത്തേയും പാര്‍ട്ടിയേയും ബാധിക്കുന്നു.
മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും ബി.ജെ.പി നേതാക്കള്‍ക്ക് മോദി നിര്‍ദേശം നല്‍കി. എന്നിട്ട് സ്വയം അവലോകനം ചെയ്യുക. അവരുടെ തെറ്റുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് മാധ്യമ ദുരന്തത്തിന് കാരണമാവുമെന്നും മോദി പറഞ്ഞു.
ട്വിറ്ററില്‍ ഫോളോവേര്‍സിനെ കൂട്ടണമെന്ന ഉപദേശവും മോദി നല്‍കി. ''ഞാന്‍ നിങ്ങളോടു സംവദിക്കുന്ന മാര്‍ഗം നിങ്ങളുടെ മണ്ഡലങ്ങളിലും സ്വീകരിക്കാം. ട്വിറ്ററില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ഫോളോവര്‍മാരുള്ള എം.പിമാരുടെ പ്രവര്‍ത്തകരോട് എനിക്ക് സംവദിക്കണം''- മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."