ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ സംഭവം; അഭ്യൂഹങ്ങള്‍ക്കു വിരാമം
തളിപ്പറമ്പ്: കുറ്റ്യേരി ഐസ്‌ക്രീം കേസിലെ പ്രതിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അന്ത്യം. ഇക്കഴിഞ്ഞ ഒന്നിനാണ് ഐസ്‌ക്രീമില്‍ നിന്നുള്ള വിഷബാധയേറ്റു കുറ്റ്യേരി പാലത്തിനു സമീപത്തെ എസ്.പി ആയിഷയുടെ മക്കളായ ഫര്‍സിന (20), മുബിന (18) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിലാണ് ഫ്യൂരിഡാന്‍ കലര്‍ത്തിയ ഐസ്‌കീമാണ് യുവതികള്‍ കഴിച്ചതെന്ന് വ്യക്തമായത്.
സംഭവ ദിവസം പതിനൊന്നരയോടെ ബൈക്കിലെത്തിയ യുവാവ് കോരന്‍ പീടികയിലെ ഓട്ടോ ഡ്രൈവര്‍ക്കു ഒരു കിറ്റ് നല്‍കി കുറ്റ്യേരിയിലെ ആയിഷയ്ക്ക് എത്തിക്കുവാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. കേസന്വേഷിച്ച തളിപ്പറമ്പ് സി.ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതതില്‍ നിന്നു ലഭിച്ച സൂചനയനുസരിച്ച് പ്രതിയുടെ രേഖാചിത്രം തയാറാക്കിയിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതികള്‍ സുഖം പ്രാപിച്ചതോടെ ഇവരുടെ മൊഴിയും രേഖപ്പെടുത്തിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് യുവതികളുടെ അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ മഠത്തില്‍ അബ്ദുള്‍ റഷീദാണ് കൃത്യം നിര്‍വഹിച്ചതെന്ന നിഗമനത്തില്‍ പൊലിസ് എത്തിച്ചേരുന്നത്.
ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലെത്തിച്ച പ്രതിയെ കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഈ കുടുംബവുമായി നിരന്തരം വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നു പറയുന്നു.
നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിച്ചതിനെകുറിച്ചുള്ള ചോദ്യത്തിന് ഒന്നു പേടിപ്പിക്കാനെ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും ഈ വിഷം കഴിച്ചാല്‍ മരണപ്പെടുമെന്ന് അറിയില്ലെന്നുമായിരുന്നു പ്രതിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."