ഇംഗ്ലീഷ് അധ്യാപനത്തിന്റെ നിലവാരമുയര്‍ത്തണം
കേരളത്തിലെ യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു തലങ്ങളില്‍ ഇംഗ്ലീഷ് അധ്യാപനത്തിന്റെ പടിപടിയായ വികാസവും നിലവാരവും ഏറെ പരിതാപകരമാണ്. ഒരുവിധ വ്യാകരണവുമില്ലാത്ത ഇംഗ്ലീഷ് എഴുതുന്നവരാണ് പ്ലസ്ടു കുട്ടികളില്‍ പോലും നല്ല പങ്കും.
അടുത്തിടെ വാട്‌സാപ്പില്‍ ഒരു വിഡിയോ പ്രചരിച്ചിരുന്നു. സയന്‍സിലും കണക്കിലും ഹ്യുമാനിറ്റിസിലുമൊക്കെ ഡിഗ്രിയെടുത്തവരും അതിനുശേഷം അധ്യാപകരായവരും ഇംഗ്ലീഷ് അധ്യാപക ജോലിക്കായി കേരളത്തിനു പുറത്തുനിന്ന് തപാലില്‍ എം.എ ഇംഗ്ലീഷ് ജയിച്ചതായി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയശേഷം കേരളത്തിലെ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോഴുള്ള ഉച്ചാരണത്തകരാറുകളുടെ ഫലിത രൂപമാണ് വിഡിയോ.
അത് അല്‍പം അതിശയോക്തി ആണെങ്കിലും ഏറക്കുറേ ശരിയാണ്. മുമ്പ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് സാമുഹ്യശാസ്ത്രം, ഗണിതം അധ്യാപകരാണ്. എന്നാല്‍, ഇംഗ്ലീഷില്‍ തന്നെ അധ്യാപക നിയമനം തുടങ്ങുകയും പ്ലസ്ടു വ്യാപകമാവുകയും ചെയ്തപ്പോള്‍ ഇംഗ്ലീഷ് അധ്യാപകരാകാന്‍ ഡിഗ്രി തലത്തിലോ പി.ജി തലത്തിലോ ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിക്കണം എന്ന ചട്ടം വന്നു. അതോടെ സകലരും എളുപ്പത്തില്‍ പി.ജി. സംഘടിപ്പിക്കാനായി കേരളത്തിനു പുറത്തെ സര്‍വകലാശാലകളിലേക്കു പലായനം തുടങ്ങി. പലേടത്തും ഫീസ് അടച്ചാല്‍ മാത്രം മതി എന്ന അവസ്ഥയുമുണ്ട്. എല്ലാവരും ജയിക്കുന്ന അത്ഭുത കേന്ദ്രങ്ങളാണവ. തുല്യതാ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ എല്ലാവരും ഇംഗ്ലീഷ് അധ്യാപകര്‍ ആയിക്കൊണ്ടേയിരിക്കുന്നു. അതോടെയാണ് കേരളത്തിലെ ഇംഗ്ലീഷ് അധ്യാപനത്തിന്റെ തകര്‍ച്ച തുടങ്ങിയത്. പ്രീഡിഗ്രി ജയിച്ച ഏതൊരാള്‍ക്കും സാധിക്കുന്നതു പോലെ, പുസ്തകം വായിച്ച് അര്‍ഥം പറഞ്ഞു കൊടുക്കുമെങ്കിലും ഇംഗ്ലീഷില്‍ തെറ്റില്ലാതെ ഒരു ഖണ്ഡിക പറയാനോ ഇംഗ്ലീഷ് ഇഗ്ലീഷായി പഠിപ്പിക്കാനോ അറിയാത്ത നൂറുകണക്കിന് ഇംഗ്ലീഷ് അധ്യാപകര്‍ ഉണ്ടായതങ്ങനെയാണ്.
ഇംഗ്ലീഷിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിക്കുന്നതും ഇംഗ്ലീഷില്‍ അടിത്തറയുണ്ടാകുന്നതും ഡിഗ്രി തലത്തിലാണ്; പി.ജി തലത്തിലല്ല. അടിസ്ഥാനം പണിയാതെ മേല്‍ക്കൂര പണിയുന്നതുപോലെയാണ് ഇംഗ്ലീഷില്‍ ബിരുദ അടിത്തറ ഇല്ലാത്തവര്‍ പി.ജി.സര്‍ട്ടിഫിക്കറ്റുമായി ഇംഗ്ലീഷ് അധ്യാപകരാകുന്നത്.
ഡിഗ്രിക്ക് ഇംഗ്ലീഷ് തന്നെ പഠിച്ചവരെ മാത്രം ഹൈസ്‌കൂളിലും, ഡിഗ്രിക്കും പി.ജിക്കും ഇംഗ്ലീഷ് പഠിച്ചവെരമാത്രം പ്ലസ്ടുവിലും നിയമിക്കുന്ന രീതി വന്നാലേ ഇംഗ്ലീഷ് അധ്യാപനം നന്നാവുകയുള്ളൂ. ഇവ രണ്ടും കേരളത്തില്‍ തന്നെയോ റെഗുലര്‍ കോഴ്‌സായോ പഠിച്ചവര്‍ക്കു മാത്രം നിയമനം നല്‍കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."