HOME
DETAILS

ഇരുതല മൂര്‍ച്ചയുള്ള നിയമം

  
backup
April 23 2018 | 18:04 PM

iruthala

പന്ത്രണ്ടു വയസിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ അത് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം (പോസ്‌കോ), ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പന്ത്രണ്ടിനും പതിനാറിനുമിടയില്‍ പ്രായമുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി ജീവപര്യന്തം തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. കൂടാതെ ഇത്തരം കേസുകളില്‍ അന്വേഷണവും വിചാരണ നടപടികളും ശിക്ഷയും വേഗത്തിലാക്കുക, മുന്‍കൂര്‍ ജാമ്യം നിഷേധിക്കുക, പ്രായപൂര്‍ത്തിയായ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനുള്ള തടവുശിക്ഷ ഏഴില്‍ നിന്ന് പത്തു വര്‍ഷമായി വര്‍ധിപ്പിക്കുക, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കുക, ബലാത്സംഗത്തിന് ഇരകളാകുന്നവര്‍ക്കു സഹായമെത്തിക്കാന്‍ എല്ലാ ജില്ലകളിലും വണ്‍സ്റ്റോപ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നീ വ്യവസ്ഥകളുമുണ്ട്.

 

ജമ്മു- കശ്മിരിലെ കത്‌വയില്‍ എട്ടു വയസുകാരി അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവവും ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രതിയായ ബലാത്സംഗക്കേസും രാജ്യവ്യാപകമായ പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിക്കുകയും തൊട്ടുത്ത ദിവസങ്ങളില്‍ തന്നെ പല സംസ്ഥാനങ്ങളിലും പിഞ്ചുകുഞ്ഞുങ്ങള്‍ ബലാത്സംഗത്തിനിരകളായ വാര്‍ത്ത പുറത്തുവരികയുമൊക്കെയുണ്ടായ സാഹചര്യത്തില്‍ ഈ നിയമഭേദഗതി പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ബലാത്സംഗം മാനവികതയ്‌ക്കെതിരേ തന്നെയുള്ള ഹീനമായ കുറ്റകൃത്യമായാണ് സമൂഹം കാണുന്നത്. അതുകൊണ്ടു തന്നെ അതു ചെയ്യുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന അഭിപ്രായത്തിനു രാജ്യത്തെങ്ങും മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ നിലവിലുണ്ടായാല്‍ ബലാത്സംഗത്തിനും മറ്റു തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്കും വലിയൊരളവില്‍ അറുതി വരുമെന്ന പ്രതീക്ഷയും സമൂഹത്തിനുണ്ട്.


ഈ പ്രതീക്ഷ ശരിവയ്ക്കുന്ന സ്ഥിതിവിശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ചില അറബ് രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളില്‍ ബലാത്സംഗത്തിനു വധശിക്ഷ നല്‍കുന്നുണ്ട്. അത്തരം രാജ്യങ്ങളില്‍ ബലാത്സംഗക്കേസുകള്‍ തുലോം കുറവുമാണ്. ശിക്ഷാഭീതി കുറ്റകൃത്യങ്ങളില്‍ കുറവു വരുത്തുമെന്നത് യാഥാര്‍ഥ്യം തന്നെയാണ്. രാജ്യത്തു കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയുമാണ്. ഈ കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സമൂഹം സ്വാഗതം ചെയ്യുന്നതിനിടയില്‍ തന്നെ ചില ആശങ്കകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നതു കാണാതിരിക്കാനാവില്ല. നിയമത്തിലെ പോരായ്മകളും അതിന്റെ ദുരുപയോഗ സാധ്യതയുമൊക്കെയാണ് വിമര്‍ശനവിധേയമാകുന്നത്. നിയമത്തിലെ പ്രായപരിധി 12 വയസില്‍ ഒതുങ്ങിയാല്‍ പോരെന്ന അഭിപ്രായം വ്യാപകമാണ്. അതിനു മുകളില്‍ പ്രായമുള്ള സ്ത്രീകളും ക്രൂരമായ ബലാത്സംഗത്തിന് ഇരകളാവുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പരസഹായം ആവശ്യമായ പ്രായത്തിലുള്ള വൃദ്ധകളടക്കം ഇതിലുണ്ട്. ഇത്തരം കേസുകളിലെ പ്രതികള്‍ക്കും ഈ നിയമം ബാധകമാക്കണമെന്ന അഭിപ്രായം വ്യാപകമാണ്. മാത്രമല്ല ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായി ബാലന്‍മാര്‍ കൊല്ലപ്പെട്ട കേസുകളും ഇതേ ചോദ്യമുയര്‍ത്തുന്നു.


മറുവശത്ത് ഈ നിയമം ദുരുപയോഗം ചെയ്യപ്പട്ടേക്കുമെന്ന ആശങ്ക ശക്തവുമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗപ്പെടുത്തുക വഴി നിരപരാധികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയാണ് അതിലൊന്ന്. ഇത്തരം മിക്ക കേസുകളില്‍ ഇര മാത്രമായിരിക്കും സാക്ഷിയെന്നതിനാല്‍ ഇളംപ്രായത്തിലുള്ള ഇരയില്‍ സമ്മര്‍ദം ചെലുത്തി യഥാര്‍ഥ കുറ്റവാളിക്കു പകരം മറ്റൊരാള്‍ക്കെതിരേ ആരോപണം ഉയര്‍ത്തുന്ന സംഭവങ്ങളുണ്ടായേക്കുമെന്ന് ചിലരെങ്കിലും ഭയപ്പെടുന്നുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളുള്ള നാട്ടില്‍ അത് അസംഭാവ്യമല്ല. കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്ന കേസുകളില്‍ പലപ്പോഴും അടുത്ത ബന്ധുക്കള്‍ തന്നെയായിരിക്കും പ്രതികള്‍. ബന്ധുക്കള്‍ക്കു വധശിക്ഷ ലഭിക്കുന്നത് ഒഴിവാക്കാന്‍ കുടുംബാംഗങ്ങള്‍ കുട്ടികളില്‍ സമ്മര്‍ദം ചെലുത്തി മൊഴി മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഏക സാക്ഷിയായ ഇരയെ ഇല്ലാതാക്കാന്‍ പ്രതി ശ്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ ഈ നിയമം ഇരുതല മൂര്‍ച്ചയുള്ള വാളായി പരിണമിച്ചേക്കുമോ എന്ന ആശങ്ക തീര്‍ത്തും അസ്ഥാനത്തല്ല.


ഇതിനൊക്കെ പുറമെ എത്ര വലിയ കുറ്റം ചെയ്താല്‍ തന്നെയും വധശിക്ഷ മനുഷ്യത്വവിരുദ്ധമാണെന്ന വാദവും ശക്തമാണ്. വ്യക്തിയുടെ ജീവനെടുക്കാന്‍ ഭരണകൂടത്തിന് അവകാശമുണ്ടോ എന്ന ചോദ്യം അവഗണിക്കേണ്ടതല്ല. കേവല മാനവികതയുടെ തലത്തില്‍ നോക്കുമ്പോള്‍ ആ വാദത്തില്‍ ചില ശരികള്‍ കണ്ടെത്താനാവുമെങ്കിലും നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നിയമം ഹിതപരിശോധനയ്ക്കു വിധേയമാക്കിയാല്‍ വലിയ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണ്. മനുഷ്യരാശിക്കു മൊത്തത്തില്‍ തന്നെ മാനക്കേടുണ്ടാക്കുന്ന തരത്തില്‍ അതിനീചമായ ബലാത്സംഗമെന്ന കുറ്റകൃത്യം പെരുകിവരുന്നത് മനുഷ്യസ്‌നേഹികളുടെ മനസില്‍ വലിയതോതില്‍ മുറിവും വേദനയും രോഷവുമൊക്കെ സൃഷ്ടിച്ചിട്ടുണ്ടെന്നതാണ് സത്യം. ബലാത്സംഗക്കേസുകളില്‍, പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാക്കപ്പെടുന്ന കേസുകളില്‍ കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. എന്നാല്‍, അത് ഒരുതരത്തിലും ദുരുപയോഗം ചെയ്യപ്പെടാനിടയില്ലാത്ത തരത്തില്‍ ഭരണകൂടവും നിയമപാലന, നീതിനിര്‍വഹണ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നു മാത്രം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  4 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  4 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  4 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  4 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  4 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  4 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  4 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  4 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  4 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  4 days ago