മഴ പെയ്‌തോട്ടെ..., വെള്ളം സംഭരിക്കാന്‍ കുളം തയാര്‍
ചക്കരക്കല്‍: ഒരിറ്റു മഴ വെള്ളം പോലും പാഴാകാതെ സംഭരിക്കാന്‍ പെരളശ്ശേരി അമ്പലക്കുളം ഒരുങ്ങി. പൈപ്പുകളുടെയും ടാങ്കിന്റെയും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം ചെയ്തുതീര്‍ത്തു. അമ്പലത്തിലും പരിസരത്തും പെയ്യുന്ന മഴവെള്ളം മുഴുവന്‍ ഫില്‍ട്ടര്‍ ചെയ്തു കുളത്തിലേക്കെത്തിക്കാനുള്ള പ്രവൃത്തിയും പൂര്‍ത്തിയായി. പെരളശേരി അമ്പല പരിസരത്തു പെയ്യുന്ന മഴവെള്ളം മുഴുവന്‍ കുളത്തില്‍ സംഭരിക്കാനാകും.
ഓടിട്ട മേല്‍ക്കൂരയിലൂടെ എത്തുന്ന മഴവെള്ളം പ്ലാസ്റ്റിക് പാളികളും പൈപ്പുകളും വഴി മണ്ണിന് അടിയിലെ ചിരട്ടക്കരിയും കരിങ്കല്‍ ചീളുകളും ഉള്ള ടാങ്കിലേക്ക് എത്തുന്നു. ഇവിടെ നിന്നു വെള്ളം ശുദ്ധീകരിക്കപ്പെട്ട ശേഷമാണ് കുളത്തിലേക്ക് എത്തുന്നത്.
പത്തിലധികം വലിയ പൈപ്പുകള്‍ കുളവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിരവധി പടവുകള്‍ ആഴമുള്ള കുളമാണ് ഇവിടെയുള്ളത്.എല്ലാ വര്‍ഷവും കുളം നവീകരിക്കാറുണ്ട്. ഇത്തവണയും വളരെ നേരത്തെ തന്നെ കുളം നവീകരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്പലക്കുളത്തിലെ മഴവെള്ള സംഭരണം മാതൃകയാണ്. പരിസരത്തെ കിണറുകളിലെയും മറ്റും ജല സംഭരണത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് അമ്പലക്കുളത്തിലെ ഈ മഴവെള്ള സംഭരണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."