നവജാതശിശുവിന്റെ കൊലപാതകം: മാതാപിതാക്കള്‍ അറസ്റ്റില്‍
കൊട്ടാരക്കര(കൊല്ലം): നവജാത ശിശുവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ പുത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കാരിയ്ക്കല്‍ അശ്വതിഭവനില്‍ മഹേഷ്, ഭാര്യ അമ്പിളി എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിനെ കൊന്നകുറ്റത്തിനാണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്. ഭാര്യ ചെയ്ത കുറ്റം മറച്ചുവച്ചതിനാണ് മഹേഷിന്റെ അറസ്റ്റ്. കേസില്‍ മുത്തശ്ശിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും ഇവരും സംശയത്തിന്റെ നിഴലിലാണ്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുഞ്ഞുണ്ട്. ഇനിയൊരു കുട്ടി വേണ്ടന്ന് തീരുമാനിച്ചെങ്കിലും വീണ്ടും ഗര്‍ഭിണിയായി. ഇതിനെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായ മരുന്നുപയോഗം നിമിത്തം ശിശുവിന് മാനസികമോ, ശാരീരികമോ ആയ വൈകല്യങ്ങള്‍ സംഭവിച്ചിരിക്കാമെന്ന ഭീതിയുണ്ടായതോടെ കുഞ്ഞ് ജനിച്ചാലുടന് ഇല്ലാതാക്കാന്‍ അമ്പിളി തീരുമാനിച്ചു. വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വച്ച് പ്രസവിച്ചയുടനെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയായിരുന്നു. ഭര്‍ത്താവ് മഹേഷ് തിരക്കിയപ്പോള്‍ ഗര്‍ഭം അലസിപ്പോയെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.
തുണിയില്‍ കെട്ടി വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം പിന്നീട് തെരുവ് നായ്ക്കള്‍ കടിച്ചെടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ടതൊരു ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. പിന്നീട് പൊലിസ് പരിസരത്തെ ഗര്‍ഭിണികളുടെ വിവരം തിരക്കിയപ്പോഴാണ് അമ്പിളിയിലേക്ക് അന്വേഷണം എത്തിയത്. സംഭവത്തിന് പിന്നില്‍ അമ്പിളിയുടെ മാതാവിന് പങ്കുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."