ഹര്‍ത്താല്‍: അന്വേഷണം ക്രൈംബ്രാഞ്ചിന്
മഞ്ചേരി: കഴിഞ്ഞ ദിവസത്തെ ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതിന് പിടിയിലായ പ്രതികള്‍ നടത്തിയ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
ഗൂഢാലോചന നടത്താന്‍ പ്രതികള്‍ക്കു സഹായകരമായതും സ്വാധീനിച്ചതുമായ ഘടകങ്ങള്‍, സംസ്ഥാനത്തിനു പുറമേക്കുള്ള ഇവരുടെ ബന്ധം, സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങളായിരിക്കും അന്വേഷിക്കുക. ഇതോടെ കഴിഞ്ഞ 16ന് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് കൂടുതല്‍ അക്രമ സംഭവങ്ങളിലും ഇവര്‍ പ്രതികളായേക്കും. അക്രമ സംഭവങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമണം നടത്താനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഇവരുടെ വോയിസ് മെസേജുകളില്‍ നിന്നും പൊലിസ് കണ്ടെത്തിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട കൂടുതല്‍ മെസേജുകള്‍ പരിശോധിച്ചുവരികയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാവും.അതേസമയം ഇനിയുള്ള അറസ്റ്റുകള്‍ ഒഴിവാക്കാന്‍ പൊലിസിനു മേല്‍ കടുത്ത സമ്മര്‍ദ്ദവുമുണ്ടെന്നാണ് വിവരം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളായ കൊല്ലം ഉഴുകുന്ന് അമരാലയത്തില്‍ അമര്‍നാഥ്(20), തിരുവനന്തപരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അഖില്‍ (23), വെണ്ണിയൂര്‍ പുത്തന്‍വീട്ടില്‍ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ സിറില്‍(22) നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് ഗോകുല്‍ ശേഖര്‍(21) എന്നിവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും മറ്റുമായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."