പിണറായിയില്‍ ഒരുകുടുംബത്തിലെ ദുരൂഹ മരണങ്ങള്‍: എട്ടുവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി
തലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. .കഴിഞ്ഞ ജനുവരി 21നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐശ്വര്യ കിഷോറിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുവിന്റെ പരാതിയില്‍, ഞായറാഴ്ച ധര്‍മടം പൊലിസ് ഐശ്വര്യയുടെ മരണത്തില്‍ കേസെടുത്തിരുന്നു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (78), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍ (എട്ട്), കീര്‍ത്തന കിഷോര്‍ (ഒന്നര) എന്നിവരാണു ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ 13നാണ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദിയെ തുടര്‍ന്നു കുഴഞ്ഞുവീണ് മരിച്ചത്. മാര്‍ച്ച് മാസത്തില്‍ കമലയും മരിച്ചു.
2012 സെപ്റ്റംബര്‍ ഒന്‍പതിനാണു സൗമ്യയുടെ മകള്‍ കീര്‍ത്തന ഇതേപോലെ തന്നെ മരിച്ചത്. ഈവര്‍ഷം ജനുവരി 13ന് ഐശ്വര്യയും അസ്വഭാവിക മരണത്തിനു കീഴടങ്ങുകയായിരുന്നു. എല്ലാവരും വയറിനെ ബാധിച്ച അസുഖത്തെ തുടര്‍ന്നാണു മരിച്ചത്. വിഷാംശം ഇവരുടെ ശരീരത്തിലെത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
സംഭവത്തില്‍ സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണു മരിച്ച ഐശ്വര്യ കിഷോറിന്റെ ബന്ധു വണ്ണത്താന്‍വീട്ടില്‍ പ്രജീഷ് മരണം സംബന്ധിച്ച് പരാതി നല്‍കിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഐശ്വര്യയുടെ മരണം. സ്വാഭാവിക മരണം എന്ന നിലയില്‍, പോസ്റ്റുമോര്‍ട്ടം നടത്താതെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാരം നടത്തിയിരുന്നത്.
ഇന്നലെ വൈകിട്ട് 3.45ഓടെ സ്ഥലത്തെത്തിയ പരിയാരം മെഡിക്കല്‍കോളജിലെ പൊലിസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പടന്നക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എ.എസ്.പി ചൈത്ര തേരാസാ ജോണ്‍, തഹസില്‍ദാര്‍ ടി.വി രഞ്ജിത്, സി.ഐ കെ.ഇ പ്രേമരാജന്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. മൃതദേഹ പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് വിസമ്മതിച്ചു.
അതിനിടെ വയറിന് ബാധിച്ച അസുഖത്തെത്തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈ വീട്ടിലെ അവശേഷിച്ച അംഗം സൗമ്യ (28) പൂര്‍വസ്ഥിതി പ്രാപിച്ചുകഴിഞ്ഞു. ഇവരില്‍ നിന്ന് പൊലിസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. യുവതിയുടെ ഭര്‍ത്താവില്‍ നിന്നും പൊലിസ് മൊഴിയെടുത്തു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൗമ്യയുടെ ഫോണ്‍ വിളികളും പരിശോധിച്ചു.
മരിച്ച എല്ലാവര്‍ക്കും ഛര്‍ദിയും വയറുവേദനയുമാണ് ആദ്യം അനുഭവപ്പെട്ടത്. നാലുപേര്‍ ആശുപത്രിയിലായപ്പോഴും കൂട്ടിരിപ്പിനായെത്തിയതു സൗമ്യ മാത്രമായിരുന്നു. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു പൊലിസ് രണ്ടു കേസെടുത്തിരുന്നു. ഐശ്വര്യയുടെ മരണത്തിലെ പരാതിയോടെ സംഭവത്തില്‍ മൂന്നു കേസുകളായി.
ദുരൂഹമരണങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പടന്നക്കരയിലെ ഈ വീട് സന്ദര്‍ശിച്ചിരുന്നു. വീട്ടുകിണറ്റില്‍ അമോണിയ കലര്‍ന്നെന്ന സൗമ്യയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകളിലെ കിണര്‍ വെള്ളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
പിന്നില്‍ എലിവിഷമെന്ന്കണ്ടെത്തല്‍
തലശ്ശേരി: പിണറായി പടന്നക്കരയിലെ ഒരുകുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ന രണ്ടുപേരുടെ ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തി.
മരിച്ച കല്ലട്ടി വണ്ണത്താന്‍കണ്ടി കുഞ്ഞിക്കണ്ണന്‍ (78), ഭാര്യ കമല (65) എന്നിവരുടെ ശരീരത്തിലാണ് എലി വിഷത്തിന്റെയും അലൂമിനിയം ഫോസ്‌ഫേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയത്.
മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാലു ദുരൂഹ മരണങ്ങള്‍ വാര്‍ത്തയായതോടെ ഈ വീട്ടിലെ അവശേഷിക്കുന്ന അംഗമായ സൗമ്യയെ അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോള്‍ സുഖം പ്രാപിച്ചെങ്കിലും ഇവരുടെ ശരീരത്തില്‍ വിഷാംശം കടന്നെത്തിയിട്ടുണ്ടെന്ന സംശയം മെഡിക്കല്‍സംഘം നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."