പുരനിറഞ്ഞ പുരുഷന്മാര്ക്കായി വാദിക്കാനെത്തിയത് സ്ത്രീകള്‍
മടിക്കൈ (കാസര്‍കോട്): പുരനിറഞ്ഞ പുരുഷന്മാരുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ പുരുഷന്മാരേക്കാളേറെ എത്തിയത് സ്ത്രീകള്‍. കാസര്‍കോട് ജില്ലയിലെ മടിക്കൈയിലെ കുടുംബശ്രീ യൂനിറ്റാണ് വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാത്ത പുരുഷന്മാര്ക്കായി വേദിയൊരുക്കിയത്.
വിവാഹം കഴിക്കാന്‍ പെണ്ണുകിട്ടാത്തവരുടെ വിഷമം വിവരിച്ച് ചന്ദ്രു വെള്ളരിക്കുണ്ട് വരിക്കപ്ലാവിനെ വരിച്ച കഥ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം തന്റെ എഴുത്തിനു ലഭിച്ച പ്രതികരണങ്ങള്‍ വിവരിച്ചപ്പോള്‍ സദസില്‍ കൈയടിയും പൊട്ടിച്ചിരിയുമുയര്ന്നു. പെണ്ണുകിട്ടാതെ തങ്ങളുടെ സഹോദരന്മാരും മക്കളും അനുഭവിക്കുന്ന സങ്കടം പങ്കുവയ്ക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും സ്ത്രീകള്‍ ഒഴുകിയെത്തിയത് ശ്രദ്ധേയമായി. അതേസമയം പുരനിറഞ്ഞ പുരുഷന്മാരുടെ പങ്കാളിത്തം സംവാദത്തില്‍ കുറവായിരുന്നു. കേരളത്തിലാദ്യമായി ഇത്തരമൊരാശയം മുന്നോട്ടുവച്ച കുടുംബശ്രീ പ്രവര്‍ത്തകരെ എല്ലാവരും പ്രശംസകൊണ്ടു മൂടി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംവാദത്തിന് എത്തിച്ചേര്‍ന്നിരുന്നു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന് അധ്യക്ഷനായി. എതിര്‍ദിശ മാഗസിന് എഡിറ്റര്‍ പി.കെ സുരേഷ്കുമാര്‍, ഡോ. സി. ബാലന്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, പി. ബേബി, പി.പി ശ്യാമളാ ദേവി, പി. സജിനി, കാഞ്ഞങ്ങാട് സി.ഐ സി. സുനില്‍ കുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."