യുവേഫ ചാംപ്യന്‍സ് ലീഗ്: സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ന് ഒന്നാം പാദ സെമിയില്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ ഇറ്റാലിയന്‍ കരുത്തരായ റോമയുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡുമായി നേര്‍ക്കുനേര്‍ വരും. ഈ മത്സരങ്ങളുടെ രണ്ടാം പാദം മെയ് ഒന്ന്, രണ്ട് തിയതികളില്‍ അരങ്ങേറും.
ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് തന്റെ മുന്‍ ക്ലബിനെതിരേ കളിക്കാനിറങ്ങുന്നതാണ് ലിവര്‍പൂള്‍- റോമ പോരാട്ടത്തിന്റെ ഹൈലൈറ്റ്. സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സ്വന്തമാക്കി രണ്ടാം ഘട്ടത്തില്‍ വേവലാതികളില്ലാതെ ഇറങ്ങുകയാണ് ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റോമ ചാംപ്യന്‍സ് ലീഗിന്റെ സെമി കളിക്കാനിറങ്ങുന്നത്.
എവേ പോരാട്ടത്തില്‍ ഒരു ഗോളെങ്കിലും അടിച്ച് എതിരാളിയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹും റോമയും എഡിന് സെക്കോയും നേര്‍ക്കുനേര്‍ വരുന്നത് മത്സരത്തിന്റെ ആവേശമുയര്‍ത്തും. സലാഹിനൊപ്പം ഫിര്‍മിനോ, സാദിയോ മാനെ എന്നിവരും ചേരുന്നത് ലിവര്‍പൂളിനെ മാരക സംഘമാക്കി നിര്‍ത്തുന്നു. നടപ്പ് സീസണില്‍ ഈ മൂന്ന് താരങ്ങളുടെ മികവാണ് ലിവര്‍പൂളിന്റെ മുന്നേറ്റത്തെ നിര്‍ണയിച്ചതും. ഒപ്പം വിര്‍ജില്‍ വാന്‍ ഡിക്, ഡെജന്‍ ലോവ്റന് എന്നിവര്‍ ഒരുക്കുന്ന സെറ്റ് പീസുകളും ക്രോസുകളും റോമയ്ക്ക് തലവേദനയുണ്ടാക്കാന്‍ പോന്നതാണ്.
മറുഭാഗത്ത് എഡിന് സെക്കോയുടെ ഫോമാണ് റോമയുടെ പ്രതീക്ഷ. റഡ്ജ നൈന്ഗോളന്, ഡാനിയേല ഡി റോസി എന്നിവര്‍ നയിക്കുന്ന മധ്യനിരയും സുശക്തം. പ്രതിരോധത്തില്‍ അലക്സാണ്ടര്‍ കൊളറോവ്, യുവാന്‍ ജീസസ്, ബ്രൂണോ പെരസ് എന്നിവരുടെ സാന്നിധ്യവും ടീമിന്റെ കരുത്താണ്.
മികച്ച തന്ത്രങ്ങളുടെ നേര്ക്കുനേരങ്കമായും ഇന്നത്തെ പോരാട്ടം മാറും. ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപും റോമ കോച്ച് യുസേബിയോ ഡി ഫ്രാന്സെസ്ക്കോയും തന്തങ്ങളുടെ കലവറകളാണ്. ഇരു ടീമുകളുടേയും സെമി പ്രവേശത്തില്‍ നിര്‍ണായകമായി നിന്നതും പരിശീലകരുടെ തന്ത്രപരമായ നീക്കങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."