ജസീക്ക ലാല്‍ വധക്കേസ്: പ്രതിയെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സഹോദരി
ന്യൂഡല്‍ഹി: ജസീക്ക ലാല്‍ വധക്കേസ് പ്രതി മനു ശര്‍മയെ നേരത്തെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സഹോദരി സബ്രീന ലാല്‍. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട മനു ശര്‍മ എന്ന സിദ്ധാര്‍ഥ് വസിഷ്ഠ 15 വര്‍ഷമായി തിഹാര്‍ ജയിലിലാണ്.
മനു ശര്‍മ ജയിലില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അയാള്‍ക്ക് മാനസാന്തരം സംഭവിച്ചുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാനാകുന്നതെന്നും സബ്രീന ലാല്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിലിലെ വെല്‍ഫെയര്‍ ഓഫിസര്‍ക്ക് സബ്രീന കത്തയച്ചു. എന്റെ കുടുംബം ഒരുപാട് സഹിച്ചുകഴിഞ്ഞു. എന്നാലിപ്പോള്‍ മനസ്സുകൊണ്ട് താനയാള്‍ക്ക് മാപ്പു നല്‍കിക്കഴിഞ്ഞു. ഇനി അയാള്‍ കുറച്ചുകാലം ഭാര്യക്കൊപ്പം ജീവിക്കട്ടെയെന്നും 49കാരിയായ സബ്രീന കത്തില്‍ പറയുന്നു.
15 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന 41കാരനായ മനു ശര്‍മ തന്നെ നേരത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മനു ശര്‍മ കഴിഞ്ഞ ആറു മാസമായി തുറന്ന ജയിലിലാണ്.
മനു ശര്‍മയെ വിട്ടയക്കുന്നത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ എഴുതിയ കത്തിന് സബ്രീന നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
തനിക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്നും അത് ആവശ്യമുള്ളവര്‍ക്ക് നല്‍കണമെന്നും സബ്രീന കത്തില്‍ പറയുന്നു. 1999 ലാണ് ബാര്‍ ഗേളായിരുന്ന ജസീക്ക ലാല്‍ മനു ശര്‍മയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. സ്വകാര്യ പാര്‍ട്ടിക്കിടെ താന്‍ ചോദിച്ചപ്പോള്‍ മദ്യം നല്‍കാത്തതിനാണ് മനു ശര്‍മ ജസീക്കയെ വെടിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."