വരാപ്പുഴ: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസില്‍ ആലുവ റൂറല്‍ എസ്.പിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ 9ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നാരങ്ങാനീര് നല്കി പ്രതിപക്ഷ നേതാവിന്റെ ഉപവാസം അവസാനിപ്പിക്കും.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.എസ് ഹംസ, സി.പി ജോണ്‍, ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനങ്ങള്‍ സുരക്ഷിതരല്ല: കെ.പി.എ മജീദ്
കൊച്ചി: കേരളത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. പൊലിസില്‍നിന്ന് സഹായം ലഭിക്കുന്നില്ല. പൊലിസ് സ്റ്റേഷനില്‍ പോകാന്‍പോലും ജനങ്ങള്‍ ഭയക്കുന്നു. കണ്ണൂരിലെ അവസ്ഥ കേരളത്തിലുടനീളമായി. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തുപോലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."