കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട സ്ഥലംമാറ്റം. മൂന്നുമാസത്തേക്കെന്ന പേരിലാണ് സ്ഥലംമാറ്റമെങ്കിലും ഇത് സ്ഥിരം സംവിധാനമാകാനാണ് സാധ്യത. ഷണ്ടിങ്, അദര്‍ ഡ്യൂട്ടികള്‍ ചെയ്യുന്നതില്‍നിന്ന് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും വിലക്കിയിട്ടുമുണ്ട്.
ജീവനക്കാരുടെ അഭാവംകാരണം ദിവസവും ഇരുന്നൂറോളം സര്‍വിസുകള്‍ മുടങ്ങുന്നത് കണക്കിലെടുത്താണ് തച്ചങ്കരിയുടെ നടപടി. ഷണ്ടിങ് ജോലികള്‍ ഇനിമുതല്‍ ഡ്രൈവിങ് അറിയുന്ന മെക്കാനിക്കല്‍ ജീവനക്കാര്‍ നിര്‍വഹിക്കണം. ഡ്രൈവിങ് അറിയുന്നവര്‍ എത്രയുംപെട്ടെന്ന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ കൗണ്ടറിലും ഓഫിസ് ജോലിയിലും ഇനിമുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ മാത്രമേ നിയമിക്കാവൂവെന്നും ഉത്തരവിലുണ്ട്. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അസുഖബാധിതര്‍ക്കുവേണ്ടിയാണ് അദര്‍ഡ്യൂട്ടി സംവിധാനം അവതരിപ്പിച്ചതെങ്കിലും ജീവനക്കാര്‍ ഇത് ചൂഷണം ചെയ്യുന്നുവെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍, യൂനിയന്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിനെതിരേ നടപടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. മുന്‍ഗാമികള്‍ നടപ്പാക്കാന്‍ മടിച്ച ഈ പരിഷ്‌കാരത്തിലാണ് ചുമതലയേറ്റ ആദ്യവാരംതന്നെ തച്ചങ്കരി കൈവച്ചിരിക്കുന്നത്.
ഇതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കിയത്. കണ്ടക്ടര്‍മാര്‍ക്കായി പുറത്തിറക്കിയ ഉത്തരവില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മൂന്നുമാസത്തേക്കാണ് സ്ഥലംമാറ്റമെന്നാണ് പറഞ്ഞിരിക്കുന്നത്. തെക്കന്‍ ജില്ലകളിലെ ഡിപ്പോകളില്‍നിന്ന് വടക്കന്‍ ജില്ലകളിലേക്കാണ് ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റപ്പെടുന്ന യൂനിറ്റിന്റെ അടുത്തുള്ളവര്‍ക്കും താല്‍പര്യമുള്ളവര്‍ക്കും മുന്‍ഗണ നല്‍കുമെന്ന് ഉത്തരവിലുണ്ട്. ഈ രണ്ടുവിഭാഗത്തില്‍നിന്നും ആളെ ലഭിച്ചില്ലെങ്കില്‍ ഒരു യൂനിറ്റില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ ജീവനക്കാരെ സ്ഥലംമാറ്റണമെന്നും അച്ചടക്ക നടപടിയുടെ ഭാഗമായവരെ സ്ഥലംമാറ്റരുതെന്നും ഉത്തരവിലുണ്ട്. സ്ഥലംമാറ്റപ്പെട്ടവര്‍ ഇന്നാണ് ജോലിയില്‍ പ്രവേശിക്കേണ്ടത്.
ജീവനക്കാര്‍ ത്യാഗം സഹിക്കാന്‍ തയാറായാല്‍
കൃത്യസമയത്ത് ശമ്പളം നല്‍കും: തച്ചങ്കരി
കൊച്ചി: ജീവനക്കാര്‍ ത്യാഗം സഹിക്കാന്‍ തയാറായാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ കൃത്യസമയത്ത് ശമ്പളം നല്‍കുമെന്ന് സി.എം.ഡി ടോമിന്‍ തച്ചങ്കരി. സി.എം.ഡിയായി ചുമതലയേറ്റതിനുശേഷം സംസ്ഥാനത്തെ പ്രധാന ഡിപ്പോകള്‍ സന്ദര്‍ശിച്ച് ജീവനക്കാരെ നേരിട്ട് കാണുന്നതിന്റെ ഭാഗമായി എറണാകുളത്ത് എത്തിയതായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കിയിട്ടുള്ളത് ജീവനക്കാര്‍ക്കു വേണ്ടിയല്ല. പൊതുജനങ്ങള്‍ക്കു വേണ്ടിയാണ്. എന്നാല്‍, എത്രപേര്‍ ഉപഭോക്താക്കളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്തു ചെയ്താലും ശമ്പളം കിട്ടുമെന്ന വിശ്വാസമുള്ളതിനാലാണ് ഈ പെരുമാറ്റം. സംസ്ഥാനത്താകെയുള്ള 5,000 ബസിന് 54,000 ജീവനക്കാരാണുള്ളത്. 16,000 ബസ് ജീവനക്കാരുള്ളപ്പോഴാണ് പ്രതിദിനം 200 ഷെഡ്യൂളുകള്‍വരെ മുടങ്ങുന്നത്. ഇത് അനുവദിക്കാനാകില്ല. ശാരീരിക അവശതകളുള്ളവര്‍ക്ക് ലൈറ്റ് ഡ്യൂട്ടി നല്‍കി ശമ്പളം നല്‍കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയാണുണ്ടാക്കുന്നത്. കൈയും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കുവേണ്ടിയുള്ളതല്ല കെ.എസ്.ആര്‍.ടി.സി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദുഃഖങ്ങളും മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. ജീവനക്കാര്‍ വാങ്ങുന്ന അലവന്‍സുകള്‍ പലപ്പോഴും അനര്‍ഹമാണ്. ഇത് ശരിയാണോയെന്ന് ജീവനക്കാര്‍ പരിശോധിക്കണം. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് 31 രൂപയാണ് ചെലവ്. പെന്‍ഷനും ലോണ്‍ തിരിച്ചടവും ഇല്ലാതെയാണ് ഈ തുക. ഇതുകൂടി കൂട്ടിയാല്‍ ഇനിയും വര്‍ധിക്കും. ഇതിനനുസരിച്ച് വരുമാനം ലഭിച്ചാല്‍ മാത്രമേ കോര്‍പറേഷന് നിലനില്‍പ്പുള്ളൂ.
കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദിവസവും ഓരോ ജീവനക്കാരന്റെ ജോലിചെയ്യാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായും ക്ലര്‍ക്കായും ജോലി ചെയ്യും. ലാഭകരമായ റൂട്ടില്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കൂ. ഫ്‌ളക്‌സി നിരക്ക് ഏര്‍പ്പെടുത്താനുള്ള അനുവാദം സര്‍ക്കാരിനോട് ചോദിക്കും. എല്ലാവരും ഒത്തൊരുമിച്ചു നിന്നാല്‍ കെ.എസ്.ആര്‍.ടി.സി ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കരഘോഷത്തോടെയാണ് പുതിയ സി.എം.ഡിയുടെ വാക്കുകളെ ജീവനക്കാര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."