ഇരവിപുരത്ത് കടലാക്രമണം രൂക്ഷം
ഇരവിപുരം: തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് ശമനമില്ല. വലിയ തിരമാലകള്‍ ഇലപ്പാഴും കരയിലേക്ക് അടിച്ചു കയറി കൊണ്ടിരിക്കുകയാണ്. ഇരവിപുരം കുളത്തുംപാട് കുരിശടിക്ക് മുന്നിലെ മണ്‍തിട്ടകള്‍ ഇടിഞ്ഞു വീണ് കുരിശടി തകര്‍ച്ചാ ഭീഷണിയിലാണ്.
ശക്തമായ തിരമാലകള്‍ കടല്‍ഭിത്തിക്ക് മുകളിലൂടെയാണ് കരയിലേക്ക് അടിച്ചു കയറുന്നത്. കുരിശടിക്കു മുന്നില്‍ കര ഇടിഞ്ഞു തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
മുണ്ടക്കല്‍ പാപനാശനം ഭാഗത്ത് ചാക്കില്‍ മണല്‍ നിറച്ചുണ്ടാക്കിയ കടല്‍ ഭിത്തിയും തകര്‍ന്ന നിലയിലാണ്. താന്നി പള്ളിക്കടുത്തും കൊച്ചു തോപ്പ് ഭാഗത്തും വീടുകള്‍ക്ക് മുന്നിലൂടെ കടല്‍വെള്ളം റോഡിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.
തീരപ്രദേശത്ത് കടല്‍കയറ്റം രൂക്ഷമായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരേ തീരദേശവാസികള്‍ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. കാക്കതോപ്പ് മുതല്‍ താന്നിവരെയുള്ള തീരദേശ വാസികളാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കാക്കതോപ്പ് മുതല്‍ താന്നിവരെയുള്ള തീരദേശ വാസികളുടെ പ്രതിഷേധ കൂട്ടായ്മ ഇരവിപുരം കുളത്തും പാട് കുരിശടി വളപ്പില്‍ നടന്നു. ഇരവിപുരം ഇടവക വികാരി ഫാ. മിള്‍ട്ടന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മ ഇന്ന് രാവിലെ ജില്ലാ കലക്ടറെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുവാന്‍ തീരുമാനിച്ചു.
കലക്ടറെ കാണാന്‍ പോകുന്നതിനായി ഇരുപതു പേരെയും യോഗം തെരഞ്ഞെടുത്തു. കലക്ടറെ കണ്ട ശേഷവും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തീരദേശവാസികള്‍ ഒന്നടങ്കം പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്തിറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."