വേനല്‍ മഴ: മലയോരത്ത് ഒട്ടേറെ നാശനഷ്ടം
കുറ്റ്യാടി: കഴിഞ്ഞ ദിവസം വൈകിട്ട് വേനല്‍മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലും കാറ്റിലും മലയോരത്ത് ഒട്ടേറെ നാശനഷ്ടം. കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റു മഴയും നാശം വിതച്ചത്.
മൊയിലോത്തറ വലിയപറമ്പത്ത് അനീഷിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. സംഭവസമയം ഭാര്യ പ്രസന്നയും, മകളായ അനുപ്രിയയും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
മാമ്പിലാട് ഗൗരിയുടെ വീടിനോട് ചേര്‍ന്ന ഷെഡ് മരം വീണ് തകര്‍ന്നു. പൂളിക്കല്‍ ശ്രീധരന്‍, ഇടിഞ്ഞകുഴിയില്‍ ഒതേനന്‍ എന്നിവരുടെ വീടുകള്‍ക്ക് ശക്തമായ ഇടിമിന്നലേറ്റ് വയറിങ്ങും ഒട്ടേറെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. കാവിലുംപാറ പഞ്ചായത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലേയും വൈദ്യുത ലൈനുകള്‍ മരങ്ങള്‍ മുറിഞ്ഞുവീണ് തകര്‍ന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. തോട്ടക്കാട്, വട്ടക്കൈത പ്രദേശങ്ങളില്‍ വന്‍ മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസം നേരിട്ടു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, മെംബര്‍മാരായ കെ.ടി സുരേഷ്, സി.ആര്‍ സുരേഷ് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."