കടലാക്രമണത്തില്‍ നടുങ്ങി തീരം
വടകര: കാലവര്‍ഷത്തിന്റെ അകമ്പടിയില്ലാതെ കടന്നുവന്ന കടലാക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തി. കടുത്ത വേനലിലും കടലാക്രമണത്തിന്റെ പിടിയിലാണ് തീരപ്രദേശങ്ങള്‍. കടല്‍ഭിത്തിയും കടന്ന് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്.
ടൂറിസ്റ്റ് കേന്ദ്രമായ സാന്റ് ബാങ്ക്‌സിനു സമീപം വന്‍തോതില്‍ വെള്ളം കയറി. ഞായറാഴ്ച വൈകിട്ട് തിരമാലകള്‍ സമീപത്തെ മദ്രസയിലേക്കും വീടുകളിലേക്കും അടിച്ചു കയറിയിരുന്നു. പതിനെട്ടോളം വീടുകള്‍ ഇവിടെ ഭീഷണിയിലാണ്. കൊളാവിപ്പാലം-പയ്യോളി തീരദേശ റോഡ് വരെ വെള്ളം കയറി. കരയില്‍ കയറ്റിവച്ച വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചോറോട്, മടപ്പള്ളി, മാടാക്കര, അഴിയൂര്‍ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്.
കടല്‍ ഭിത്തിതകര്‍ന്ന സ്ഥലങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ് കഴിയുന്നത്. ശക്തമായ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എം.പിക്കും എം.എല്‍.എക്കുമെതിരേ ലീഗ്
വടകര: കടല്‍ഭിത്തിയുടെ കാര്യത്തില്‍ എം.പിയും എം.എല്‍.എയും നഗരസഭ അധികാരികളും കാണിക്കുന്നത് അലംഭാവമാണെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി.
വടകര മേഖലയില്‍ കടല്‍ ഭിത്തിയുടെ ശാക്തീകരണത്തിന് മുറവിളി ഉയര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും അധികാരികള്‍ അവഗണിക്കുകയാണ്. ജനം ക്ഷുഭിതരാവുന്ന വേളയില്‍ നേതാക്കള്‍ വന്നു പോകുന്നു എന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട ബാധ്യത അധികാരികള്‍ക്ക് ഉണ്ട്.
കടല്‍ഭിത്തി ശാക്തീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്‍കി..
ഉടന്‍ സഹായമെത്തിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
വടകര: വടകര, കൊയിലാണ്ടി താലൂക്കുകളില്‍ കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സന്ദര്‍ശിച്ചു. ശക്തമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍ കടല്‍ ഭിത്തികളില്ലാത്ത പ്രദേശത്തെ 50 മീറ്ററോളം കര കടലെടുത്തിരിക്കുകയാണ്.
കടല്‍ഭിത്തി തകര്‍ന്നഭാഗങ്ങളില്‍ ഭിത്തി പുനര്‍നിര്‍മിക്കണമെന്നും നാശനഷ്ടമുണ്ടായവര്‍ക്ക് സാമ്പത്തികസഹായം എത്തിക്കണമെന്നും അദ്ദേഹം റവന്യൂ മന്ത്രിയോടും ഫിഷറീസ് മന്ത്രിയോടും ആവശ്യപ്പെട്ടു.
വടകര മുനിസിപ്പാലിറ്റിയിലെ ആനാട്, മുകച്ചേരി, പുറങ്കര ഭാഗങ്ങളിലും ചോറോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്താഴ ഭാഗങ്ങളിലും അടിയന്തരമായി കടല്‍ഭിത്തി നിര്‍മിക്കേണ്ട പ്രദേശങ്ങളാണ്. ഇവിടെ ഭിത്തികള്‍ക്കായുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിന് അംഗീകാരം നല്‍കുന്നതിനുള്ള അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും മന്ത്രി മാത്യു ടി തോമസിനോടും അദ്ദേഹം ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ അനില്‍കുമാര്‍, പി. ബാബുരാജ്, സുധ മാളിയേക്കല്‍, ഗിരീഷ്, അജയന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."