സിഗ്നല്‍ ഇല്ലാതായിട്ട് അഞ്ചു വര്‍ഷം; പറവൂര്‍ കെ.എം.കെ ജങ്ഷനില്‍ വീണ്ടും അപകടമരണം
പറവൂര്‍: വളരെ തിരക്കേറിയ കെ.എം.കെ ജങ്ഷനില്‍ സിഗ്നല്‍ പ്രവര്‍ത്തനരഹിതമായിട്ട് അഞ്ചു വര്‍ഷം. ട്രാഫിക് നിയന്ത്രണം താളം തെറ്റിയതോടെ അപകടങ്ങളും പെരുകി. ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് സിഗ്നല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ അധികൃതര്‍ ഒന്നും ചെയ്തില്ല. തിങ്കളാഴ്ച വരാപ്പുഴ സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരന് രഘു മരിക്കാനിടയായ അപകടം നടക്കുമ്പോള്‍ ട്രാഫിക് പൊലിസും ഉണ്ടായിരുന്നില്ല. ട്രാഫിക് നിയന്ത്രണത്തിന് ആളില്ലാത്തപ്പോള്‍ വാഹനങ്ങള്‍ തോന്നിയപോലെയാണ് ഇവിടെ ക്രോസ് ചെയ്യുന്നത്.
ടോറസ് വളച്ചെടുക്കുമ്പോഴാണ് രഘു സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത വിധം വികസനം മുരടിച്ച് കുപ്പിക്കഴുത്തിന്റെ രൂപത്തിലാണ് കെ.എം.കെ കവല. നഗരഭരണാധികാരികളുടെ നിസംഗതയാണ് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ നിലവില്‍ ഹെവി വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിരോധനമുള്ളതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിരവധി അപകടങ്ങളും മൂന്ന് മരണങ്ങളും ഉണ്ടായിട്ടുണ്ട്. ടോറസുകളും കണ്ടെയ്നര്‍ ലോറികളും പാറമടകളില്‍ നിന്നും കരിങ്കല്ല് കയറ്റി വരുന്ന ലോറികളും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് തിരക്കേറിയ നഗരത്തിലൂടെ കടന്നുപോകുന്നത്. അടിയന്തിരമായി സിഗ്നല്‍ സംവിധാനം പുനസ്ഥാപിച്ച് ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."