മജിസ്‌ട്രേറ്റിനെ തിരികെ വിളിച്ചു; കാലടി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം നിശ്ചലമായി
കാലടി: മജിസ്‌ട്രേറ്റിനെ തിരികെ വിളിച്ചതോടെ കാലടി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം നിശ്ചലമായി. താല്‍കാലിക മജിസ്‌ട്രേറ്റ്മാരെ ഹൈക്കോടതി തിരികെ വിളിച്ചതോടെയാണ് കാലടിയിലെ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്.
കാലടിയില്‍ താല്‍കാലിക മജിസ്‌ട്രേറ്റിന്റെ ചുമതല വഹിച്ചിരുന്ന എം.ഡി അനീഷ് നേരത്തെ അദ്ദേഹം വഹിച്ചിരുന്ന അഡീഷനല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ തസ്തികയിലേകു മടങ്ങിപോയതോടെയാണ് കോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. പുതുതായി സ്ഥിരം മജിസ്‌ട്രേറ്റിനെ കാലടിയില്‍ നിയമിച്ചതിനു ശേഷമേ കോടതിയുടെ പ്രവര്‍ത്തനം തുടരുകയുള്ളൂ. അത് എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. അതുവരെ കാലടി കോടതിയില്‍ കൈകാര്യം ചെയ്ത് കൊണ്ടിരുന്ന കേസുകള്‍ അങ്കമാലിയിലേയോ പെരുമ്പാവൂരിലെയോ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക് മാറ്റും എന്നാണ് അറിയുന്നത്.
പക്ഷെ ഇതിനെ കുറിച്ച് ഇത് വരെ ഒരു ഉത്തരവും ഉണ്ടായിട്ടില്ല. ഇത് കാരണം കേസുമായി ബന്ധപ്പെട്ട് ഏത് കോടതിയില്‍ എത്തണമെന്ന അനിശ്ചിതത്വത്തിലാണ് അഭിഭാഷകരും കക്ഷികളും. 2014 നവംബറില്‍ ആണു കാലടിയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുടങ്ങിയത്.
ഇവിടെ താത്കാലിക മജിസ്‌ട്രേറ്റിനെ നിയമിച്ചതും ഹൈക്കോടതി തന്നെയാണ്. സംസ്ഥാനത്തെ എല്ലാ താത്കാലിക മജിസ്‌ട്രേറ്റ്മാരെയും തിരികെ വിളിക്കണമെന്ന ഹൈക്കോടതി തീരുമാന പ്രകാരമാണ് കാലടിയിലേയും താത്കാലിക മജിസ്‌ട്രേറ്റിന് സ്ഥാനമൊഴിയേണ്ടി വന്നത്. വിവിധ തസ്തികയില്‍ നിന്ന് താത്കാലിക മജിസ്‌ട്രേറ്റ്മാരായി വന്ന ഇവര്‍ മുന്‍പ് ചുമതല വഹിച്ചിരുന്ന അതത് തസ്തികയിലേക് മടങ്ങിപ്പോകണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."