വടക്കന്‍ മേഖലയില്‍ കടല്‍ ശാന്തമായി: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി
ചേര്‍ത്തല : തീരദേശത്ത് കടല്‍ശാന്തമായി.ഒറ്റമശേരി,തൈക്കല്‍, അര്‍ത്തുങ്കല്‍ മേഖലയില്‍ ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്ന ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങി തുടങ്ങി.
ഒറ്റമശേരിയിലെ ക്യാംപില്‍ 15 പേരാണ് ഇപ്പോഴുള്ളത്. കടല്‍കയറിയ പ്രദേശങ്ങളും ക്യാമ്പുകളും മന്ത്രി പി.തിലോത്തമന്‍ തിങ്കളാഴ്ച സന്ദര്‍ശിച്ചു.തൈക്കല്‍, ഒറ്റമശ്ശേരി തീരദേശ പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇന്നു മുതല്‍ കല്ലുകള്‍ എത്തിതുടങ്ങുമെന്നും മന്ത്രിപറഞ്ഞു.
അഗ്‌നിശമന സേനയുടെ സഹായം എല്ലാ സമയങ്ങളിലും തീരദേശത്ത് ഉണ്ടാകുന്നതിനും നിര്‍ദേശം നല്‍കി. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത് വറ്റിക്കുവാന്‍ കാണകെട്ടുന്നതിനും ട്രെയിനേജ് സൗകര്യം ഒരുക്കുന്നതിനും പൊതുമരാമത്ത്,ജലസേചന വകുപ്പിനോട് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുവാനും നിര്‍ദേശിച്ചു.
ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഫണ്ടില്ലെങ്കില്‍ ആസ്തി വികസന ഫണ്ടില്‍ ഒരു കോടി രൂപ നല്‍കാമെന്നും മന്ത്രി പറഞ്ഞു.
ശുദ്ധജല ക്ഷാമം നേരിടുന്നതിന് ടാങ്കര്‍ ലോറികളില്‍ വെള്ളവും എത്തിച്ചു.കടലാക്രമണത്തില്‍ വീട് തകര്‍ന്ന തൈക്കല്‍ ഒറ്റമശേരി പാണ്ട്യാലയ്ക്കല്‍ കുഞ്ഞുമോനും റിണ്‍സണും പട്ടണക്കാട്ട് രണ്ട് സുനാമി വീടുകള്‍ നല്‍കാമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.
മുമ്പ് സുമാനി പദ്ധതിയില്‍ കിട്ടിയ വീടായിരുന്നു റിണ്‍സന്റേത്. സര്‍ക്കാര്‍ നല്‍കിയ രണ്ടര ലക്ഷം രൂപയ്ക്ക് പുറമേ ഏഴര ലക്ഷം രൂപ കൂടി കണ്ടെത്തിയാണ് വീട് പൂര്‍ത്തിയാക്കിയതെങ്കിലും എല്ലാം കടല്‍ കൊണ്ടുപോയതായി റിന്‍സണ്‍ പരിതപിക്കുന്നു.
റിന്‍സണ്‍ന്റെ വീടിനോട് ചേര്‍ന്ന് പിതൃസഹോദരന്‍ കുഞ്ഞുമോന്റെ (45) വീടും തകര്‍ന്നു കടലിലേക്ക് മറിഞ്ഞ നിലയിലാണ് .അതേ സമയം മന്ത്രിയും സ്ഥലം എം.എല്‍.എ യുമായ പി.തിലോത്തമന്റെ ഉറപ്പില്‍ റോഡ് ഉപരോധം നാട്ടുകാര്‍ പിന്‍വലിച്ചു.
തീരദേശ റോഡിന് പടിഞ്ഞാറു ഭാഗത്തായി കാനിര്‍മ്മിക്കുവാന്‍ ഒരു കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായുള്ള പ്രഖ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസമായുള്ള തീരദേശ റോഡ് ഉപരോധം പിന്‍വലിച്ചത്.
രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.അന്ധകാരനഴി തെക്ക് ഒറ്റമശ്ശേരി ഭാഗത്താണ് ഉപരോധസമരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."