പ്രായമായവരുടെ പ്രശ്‌നങ്ങള്‍ സമൂഹം അവഗണിക്കുന്നുവെന്ന് നിയമസഭാ സമിതി
ആലപ്പുഴ: പ്രായമായവരുടെ പ്രശ്‌നം കാണുന്നതില്‍ നമ്മുടെ സാമൂഹ്യബോധത്തിന് ഇടിവ് തട്ടിയുട്ടുണ്ടെന്ന് പ്രായമായവരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമതി ചെയര്‍മാന്‍ സി.കെ നാണു അഭിപ്രായപ്പെട്ടു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അച്ഛനേയും അമ്മയേയും നോക്കാതിരിക്കുക, മാനസികമായും ശാരീരികമായും പീഡിപ്പിക്കുക തുടങ്ങിയവ വിഷയങ്ങളില്‍ നിയമ നടപടികള്‍ സാധ്യമാണെങ്കിലും സമൂഹത്തിലുണ്ടായ അപചയം സാമൂഹ്യ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. നിയമത്താല്‍ മാത്രം സംരക്ഷിക്കപ്പെടേണ്ടവരല്ല മുതിര്‍ന്ന പൗരന്മാരെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു സി.കെ നാണു.
സംരക്ഷണ ചുമതലയേക്കാമെന്നു പറഞ്ഞ് വീടും പറമ്പും എഴുതിവാങ്ങിയശേഷം സംരക്ഷണം നല്കാതെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായുള്ള പരാതികളാണ് സമതിക്കു മുന്നില്‍ വന്നതില്‍ ഭൂരിഭാഗവും. മക്കളുടെയും സഹോദരങ്ങളുടെയും വഞ്ചനയുടെ ഒട്ടേറെ കഥകളാണ് സമതി ഇന്നലെ കേട്ടത്. ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ നടപടികളും ഇത്തരം സംഭവങ്ങള്‍ക്ക് വഴി വയ്ക്കുന്നതായി സമതി വീക്ഷിച്ചു.
സഹോദരന്‍ സംരക്ഷിക്കുമെന്ന ഉറപ്പില്‍ എഴുതി നല്കിയ ഭൂമിയും വീടും സംരക്ഷണമില്ലാതായതോടെ തിരിച്ചു നല്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് തിരിച്ചു പിടിച്ചു നല്‍കാന്‍ ഉത്തരവായി. ഈ ഭൂമി പോക്ക് വരവ് ചെയ്തു നല്‍കാന്‍ ആര്‍.ഡി.ഒ ഉത്തരവ് നല്‍കിയെങ്കിലും കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ നടപടി സ്വീകരിച്ചല്ലെന്നാണ് പരാതി.
ചെന്നിത്തലയില്‍ അമ്മയെ പൂട്ടിയിട്ട കേസില്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത മക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം.നാലു മക്കളും 4500 രൂപ വീതം അമ്മയുടെ ചികിത്സയ്ക്കായും നല്‍കണമെന്ന് ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് ആര്‍ .ഡി.ഒ ഉത്തരവ് ഇറക്കാനും ആവശ്യമായ ചികിത്സയ്ക്ക് സാഹചര്യം ഒരുക്കുവാനും സമതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ അമ്മയെ സംരക്ഷിക്കുന്ന ഇളയ മകളെ ഭീഷണിപ്പെടുത്തന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ പെന്‍ഷന് അര്‍ഹതയായിരുന്നു. ഈക്കാര്യത്തില്‍ ക്ഷേമനിധിയുടെ റിപ്പോര്‍ട്ട് തേടി നടപടി സ്വീകരിക്കാന്‍ സമതി തീരുമാനിച്ചു. തെളിവെടുപ്പില്‍ എം.എല്‍.എ മാരായ കെ.യു. അരുണന്‍, ആര്‍.രാമചന്ദ്രന്‍, ജില്ല കളക്ടര്‍ ടി.വി.അനുപമ, എസ്.പി. കെ.സുരേന്ദ്രന്‍, എഡിഎം. ഐ.അബ്ദുള്‍സലാം, ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."