മാച്ചാംതോട്ടെ വീടുകളില്‍ ഇനി കുറ്റിക്കാച്ചിലും വിളയും
തച്ചമ്പാറ: കാച്ചില്‍ (കാവത്ത്) എന്ന് കേട്ടാല്‍ മരത്തിലും പന്തലിലുമെല്ലാം പടര്‍ന്നു കയറുന്ന വള്ളിയാണ് നമ്മുടെ മനസ്സില്‍ വരിക. എന്നാല്‍ പടരാത്തതും ചെടിയായി വളരുന്ന ഇനവുമായ കുറ്റികാച്ചില്‍ പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രമായ സി.ടി.സി.ആര്‍.ഐയുടെ സഹായത്തോടെ തച്ചമ്പാറ പഞ്ചായത്തിലെ മാച്ചാംതോട് തൊഴുത്തിന്‍കുന്ന് അയല്‍സഭ.
ശ്രീ കാര്യം കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗ വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീ ധന്യയെന്ന ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട കാച്ചിലാണ് അയല്‍ സഭയുടെ പരിധിയിലെ വീടുകളില്‍ കൃഷി ചെയ്യുന്നത്. കുറ്റിച്ചെടിയായി നില്‍ക്കുമെന്നതിനാല്‍ അധികം സ്ഥല സൗകര്യമില്ലാത്തവര്‍ക്ക് ടെറസ്സിലും കൃഷി ചെയ്യാം. ഗ്രോ ബാഗിലും ചാക്കിലും ഉണ്ടാക്കാം. ഒരു മീറ്റര്‍ വരെ മാത്രമേ ഇത് ഉയരം വെക്കുകയുള്ളൂ. ബുഷ് ചെടി പോലെ ശാഖകളായി തഴച്ച് വളരും. തിളങ്ങുന്ന ഇലകളോടെ കാണുന്ന ഈ കാച്ചില്‍ പൂന്തോട്ടങ്ങളില്‍ ഭംഗിക്കായും വളര്‍ത്താം നന്നായി പരിചരിച്ചാല്‍. ഇതിന്റെ കിഴങ്ങിന് എട്ട് കിലോ വരെ തൂക്കം ലഭിക്കും. കിഴങ്ങ് മുറിച്ചാല്‍ തൂവെള്ള നിറമാണ് ഏറ്റവും രുചികരമാണിത്. നല്ല പൊടിയുള്ളതിനാല്‍ ചിപ്‌സുണ്ടാക്കാനും പറ്റും.
ശ്രീകാര്യം കേന്ദ്ര കിഴങ് വര്‍ഗ്ഗ ഗവേഷണ കേന്ദ്രം പുതുതായി വികസിപ്പിച്ചെടുത്തതും അടുത്ത ഡിസംബറില്‍ പുറത്തിറക്കുന്നതുമായ ശ്രീ ശ്വേത, സി.ഡി 15 എന്നീ കുറ്റിക്കാച്ചില്‍ ഇനങ്ങളുടെ ട്രയലും മാച്ചാംതോട് അയല്‍ സഭയില്‍ നോക്കുന്നുണ്ട് . മധ്യ കേരളത്തിലെ കൃഷിയിടങ്ങളീല്‍ പരീക്ഷണ തോട്ടമായി അയല്‍ സഭ സെക്രട്ടറി ഉബൈദുള്ളയുടെ നേതൃത്വത്തിലുള്ള കര്‍ഷകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവ നട്ട് വിളവെടുപ്പ് നടത്തുന്നത് വരെ സി.ടി.സി.ആര്‍.ഐലെ ശാസ്ത്രഞ്ജരുടെ മേല്‍നോട്ടമുണ്ടായിരിക്കും.
ഇവിടെ വിളയുന്ന കുറ്റിക്കാച്ചില്‍ അടുത്ത വര്‍ഷം കൂടുതല്‍ കര്‍ഷകരില്‍ എത്തിക്കും. കുറ്റികാച്ചില്‍ വിത്ത് വിതരണം ഏപ്രില്‍ 27ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിക്ക് പഞ്ചായത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."