ദുബൈയിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടല്‍: മലയാളി പ്രതിയെ പേരാമംഗലം പൊലിസ് സംരക്ഷിക്കുന്നതായി പരാതി
തൃശൂര്‍: ദുബൈയിലെ അല്‍ സഹാറ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സ്ഥാപനത്തിലെ ഏജന്റായി പണം തട്ടിയയാളെ പേരാമംഗലം സി.ഐ ബി. സന്തോഷ് സംരക്ഷിക്കുന്നതായി പരാതി.
പേരാമംഗലം ചിറ്റിലപ്പള്ളി വലിയ വളപ്പില്‍ മുഹമ്മദാലിയുടെ മകന്‍ സാജിദ് ആണു തട്ടിപ്പു നടത്തിയതെന്നു സ്ഥാപനത്തിന്റെ പാര്‍ട്ടണറായ ചാവക്കാട് തളിക്കുളം സ്വദേശി എന്‍.എസ് ബാദുഷ ദുബൈ പൊലിസിലും പേരാമംഗലം പൊലിസിനും നല്‍കിയ പരാതിയില്‍ പറയുന്നു.
കമ്പനിയുടെ പേരില്‍ ശേഖരിച്ച 40 ലക്ഷത്തോളം രൂപ കമ്പനിയില്‍ അടക്കാതെ സാജിദ് ദുബൈയില്‍ നിന്നും മുങ്ങുകയായിരുന്നു. നാട്ടിലെത്തി പണം തിരികെ ചോദിക്കാന്‍ ശ്രമിച്ച ബാദുഷയെ സാജിദും മകന്‍ മുഹമ്മദ് ഇന്‍സമാമും ചേര്‍ന്നു മര്‍ദിച്ചവരാക്കുകയായിരുന്നു. ഇതുസംബന്ധിച്ചു പേരാമംഗലം പൊലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതി സാജിദിനു നാട്ടില്‍ നിന്നു രക്ഷപ്പെടാന്‍ പൊലിസ് സഹായം ചെയ്തു നല്‍കുകയായിരുന്നു.
പരുക്കേറ്റ് ആശുപത്രിയില്‍ കിടന്നിരുന്ന തന്നെ വന്നുകണ്ട പേരാമംഗലം സി.ഐ ബി. സന്തോഷ് കേസ് ഒത്തുതീര്‍ക്കുകയാണു നല്ലതെന്നും 20 ലക്ഷം രൂപയോളമേ ലഭിക്കുകയുള്ളൂവെന്നും അല്ലാത്തപക്ഷം സാജിദ് വേറെ കേസു ഫയല്‍ ചെയ്യുമെന്നും ബാദുഷ നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്നും അറിയിക്കുകയായിരുന്നു.
പൊലിസിലെ ഉന്നതര്‍ക്കും മറ്റു അധികാരികള്‍ക്കും പരാതി നല്‍കുകയും തുടര്‍ന്നു 2018 ഏപ്രില്‍ 10ന് കേസന്വേഷണം മറ്റൊരു ഓഫിസറെ ഏല്‍പ്പിക്കാന്‍ ഐ.ജി ഉത്തരവിറക്കുകയുമായിരുന്നു. എന്നാല്‍ നാളിതുവരെ കേസിന്റെ ഫയല്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.സി.പി ബാബു കെ. തോമസിനു കൈമാറാന്‍ നേരത്തെ അന്വേഷണം നടത്തിയിരുന്ന പേരാമംഗലം സി.ഐ ബി. സന്തോഷ് തയ്യാറായിട്ടില്ല.
കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പേരാമംഗലം സി.ഐ ബി. സന്തോഷിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന വിജിലന്‍സ് മേധാവിക്കു പരാതി നല്‍കിയതായും അന്വേഷണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലിസുദ്യോഗസ്ഥര്‍ക്ക് വീണ്ടും പരാതി നല്‍കുമെന്നും ബാദുഷ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ബന്ധുക്കളായ അഷ്‌റഫ് എടശ്ശേരി, ഖദീജ അഷ്‌റഫ്, പി.വി സജീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."