വെള്ളിയാങ്കല്ലിന് താഴെ വരണ്ടുണങ്ങി ഭാരതപ്പുഴ
ആനക്കര : വെള്ളിയാങ്കല്ല് തടയണക്ക് താഴെ കണ്ണീര്‍ച്ചാലായി ഒഴുകുകയാണ് ഭാരതപ്പുഴ. കൊടും വേനലിലും ജലസമൃദ്ധമായി ഒഴുകിയിരുന്ന നിളാനദി ഇന്ന് വെള്ളിയാങ്കല്ലിന് പടിഞ്ഞാറ് ഭാഗങ്ങളില്‍ പൊന്തക്കാടുകള്‍ക്കും വന്‍ മരങ്ങള്‍ക്കും വഴി മാറിയിരിക്കുകയാണ്. വറ്റിവരണ്ട ഭാഗത്തെ കുറ്റിക്കാടുകള്‍ കന്നുകാലികളുടെ മേച്ചില്‍പുറങ്ങളായി മാറി.വര്‍ഷങ്ങളായി തുടരുന്ന മണല്‍ഖനമാണ് പുഴയെ നാശത്തിന്റെ വക്കിലെത്തിച്ചത്. പുഴയുടെ തീരങ്ങളിലെ കയ്യേറ്റങ്ങളും പുഴവക്കിടിഞ്ഞ് തൂരുന്നതും മാലിന്യനിക്ഷേപവുമെല്ലാം വ്യാപകമായിട്ടും സംരക്ഷിക്കാന്‍ നടപടികളൊന്നുമില്ല.
തടയണക്ക് താഴെ പുഴ വറ്റിയതോടെ പട്ടിത്തറ, ആനക്കര, പരുതൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട നിളാതീരഗ്രാമങ്ങള്‍ വരള്‍ച്ചയിലായി. പുഴയിലെ വെള്ളം ആശ്രയിച്ച് വാഴ ഉള്‍പ്പടെയുള്ള കൃഷി ഇറക്കിയവരും ദുരിതത്തിലായി. കൃഷിക്ക് ധാരാളമായി ജലസേചനം നടത്തേണ്ട മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വറ്റിവരണ്ട ഭാരതപ്പുഴ കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഓണക്കാലത്തെ വിളവെടുപ്പിനായി ആനക്കര,പരുതൂര്‍,പട്ടിത്തറ പഞ്ചായത്തുകളിലെ നിളാതീരപ്രദേശങ്ങളില്‍ പതിനായിരകണക്കിന് വാഴകളാണ് കൃഷി ചെയ്ത് വരുന്നത്.
തടയണക്കിപ്പുറം തൃത്താല മുതല്‍ പട്ടാമ്പി വരെ ഭാരതപ്പുഴ ജലസമൃദ്ധിയിലാണ്. വരള്‍ച്ചയെ നേരിടാന്‍ വെളളിയാങ്കല്ല് തടയണയുടെ ഷട്ടറുകള്‍ താഴ്ത്തി ജലസംഭരണമാരംഭിച്ചതോടെയാണ് ഭാരതപ്പുഴ വെള്ളം നിറഞ്ഞ് കിടക്കുന്നത്. നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്ന കുട്ടക്കടവ് തടയണ യാഥാര്‍ഥ്യമാവുന്നതോടെ വെളളിയാങ്കല്ല് തടയണയുടെ പടിഞ്ഞാറ് ഭാഗങ്ങളിലും നിള ജലസമൃദ്ധിയിലാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും നാട്ടുകാരും.ഇതോടൊപ്പം കുറ്റിപ്പുറം പാലത്തിന് മുകള്‍ ഭാഗത്തായി താല്‍ക്കാലിക തടയണ നിര്‍മിച്ചാല്‍ ആനക്കര പഞ്ചായത്തിലുളളവര്‍ക്കും കുറ്റിപ്പുറം പാലത്തിന്റെ സമീപ പ്രദേശങ്ങളിലുളള പഞ്ചായത്തുകളിലേക്കും ഉപകരിക്കും.കൂട്ടക്കടവ് തടയണയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാങ്കപ്പുഴ റഗുലേറ്റര്‍ സ്വപ്നമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഡ് ഗതാഗതം കാര്യക്ഷമമായ സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപ മുടക്കി ആനക്കര പഞ്ചായത്തില്‍ തന്നെ കിലോമീറ്റര്‍ മാത്രം അകലെയുളള കുമ്പിടി കാങ്കപ്പുഴയില്‍ പുഴയ്ക്കു കുറുകെ തടയണ നിര്‍മിക്കണമെന്നാവശ്യം വെറുതെയാകും.
കൂട്ടക്കടവില്‍ തടയണ നിര്‍മിക്കുന്നതിന് പകരം കുമ്പിടി കാങ്കപ്പുഴയില്‍ റഗുലേറ്റര്‍ കംബ്രഡ്ജ് നിര്‍മിക്കുകയായിരുനെങ്കില്‍ ഈ പഞ്ചായത്തിലെയും മലപ്പുറം ജില്ലയിലെ പുഴയോര പഞ്ചായത്തുകളുടെയും കുടിവെളള ക്ഷാമവും കാര്‍ഷിക ആവശ്യത്തിന് വെളള മെടുക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമായിരുന്നു എന്നാല്‍ ചിലരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളായിരുന്നു കൂട്ടക്കടവ് തടയണയുടെ പ്രവേശനത്തിന് വഴിവെച്ചത്. ഇതോടെ പതിറ്റാണ്ടുകളായുളള കാങ്കപ്പുഴ റഗുലേറ്റര്‍ കമബ്രിഡ്ജ് എന്ന സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."