അന്ന് പകരക്കാരന്‍; ഇന്ന് പകരക്കാരില്ലാത്തവന്‍!
കാളികാവ്: അന്നു ചോക്കാട് ടീമിന്റെ ഗോള്‍കീപ്പറായിരുന്നു മാളിയേക്കല്‍ ഉമ്മര്‍. മത്സരം തുടങ്ങാനിരിക്കേ ഗോളിക്ക് ശാരീരിക ബുദ്ധിമുട്ട്, കളിക്കാനാകില്ല, വേറെ ഗോളിയുമില്ല! ആ സാഹചര്യത്തിലാണ് ഉമ്മര്‍ തന്റെ പകരക്കാരനായി, തന്റെ ജഴ്‌സിയുമിടുവിച്ച് മകന്‍ റിന്‍ഷാദിനെ കളത്തിലിറക്കിയത്. ഗോള്‍വലയം കാക്കാന്‍ തന്നേക്കാള്‍ വലിപ്പമുള്ള ജഴ്‌സിയുമണിഞ്ഞിറങ്ങിയ ഏഴാംക്ലാസുകാരനായ കുട്ടി ഗോളിയെ കണ്ട എതിര്‍ടീം വണ്ടറടിച്ചു, വിജയം ഉറപ്പിച്ചായിരുന്നു പിന്നീട് അവരുടെ കളി. എന്നാല്‍, റിന്‍ഷാദിന്റെ വൈഭവത്തിനു മുന്നില്‍ ഗാലറി ആര്‍ത്തലച്ചപ്പോള്‍ എതിര്‍ടീം തോല്‍വി വഴങ്ങി, വെറും തോല്‍വിയല്ല, നല്ല അസ്സല്‍ തോല്‍വി!
ഇപ്പോള്‍ അണ്ടര്‍ 19 ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ മീറ്റില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ആ റിന്‍ഷാദാണ്. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ട്രോഫിയുമായാണ് ഈ മലപ്പുറം ജില്ലക്കാരന്‍ തിരികെ വണ്ടികയറിയത്. ജില്ലയിലെ മികച്ച ഫുട്‌ബോള്‍ പരിശീലകനായിരുന്ന വണ്ടൂര്‍ അബ്ദുപ്പയാണ് റിന്‍ഷാദിന്റെ ആദ്യ പരിശീലകന്‍. പുല്ലങ്കോട് ഗവ. ഹൈസ്‌കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ റിന്‍ഷാദിന്റെ മികവ് തിരിച്ചറിഞ്ഞ സ്‌പോര്‍ട്‌സ് അധ്യാപിക കവിതയുടെ പ്രത്യേക നിര്‍ദേശത്തോടെയാണ് തിരുവനന്തപുരം ദീവീ രാജിലെ സെലക്ഷനില്‍ പങ്കെടുപ്പിച്ചത്.
സെലക്ഷന്‍ ടെസ്റ്റില്‍ പങ്കെടുത്ത 400 പേരില്‍നിന്നു റിന്‍ഷാദ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തില്‍ സ്‌കൂള്‍ ടീമുകളുടെ ഗോള്‍കീപ്പറായും പിന്നീട് 17 വയസിനു താഴെയുള്ളവരുടെ സംസ്ഥാന ഗോള്‍കീപ്പറായും ഒടുവില്‍ 19 വയസിനു താഴെയുള്ള ടീമിന്റെ ഗോള്‍കീപ്പറയും റിന്‍ഷാദ് കേരളത്തിന്റെ ഗോള്‍വല കാത്തു. ശനിയാഴ്ച സമാപിച്ച ദേശീയ ഫുട്‌ബോളില്‍ കേരളം ഡല്‍ഹിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോറ്റെങ്കിലും ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി റിന്‍ഷാദിനെയാണ് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."