മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍
തിരുവനന്തപുരം: കോവളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയത് ലിത്വാനിയ സ്വദേശി ലിഗയുടെ മൃതദേഹം തന്നെയാണെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴി. ഈ കഴിഞ്ഞ മാര്‍ച്ച് 14ന് ലിഗയെ പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിച്ച ഓട്ടോഡ്രൈവര്‍ ഷാജിയുടേതാണ് വെളിപ്പെടുത്തല്‍. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു.
എന്നാല്‍ മൃതദേഹത്തിലുള്ള ജാക്കറ്റ് അന്ന് ലിഗ ധരിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. മരുതുംമൂട് ജങ്ഷനില്‍ നിന്നാണ് അവര്‍ ഓട്ടോയില്‍ കയറിയത്. കോവളം വരെ പോയതിന് 750 രൂപയാണ് ആയത്. തനിക്ക് 800 രൂപ നല്‍കിയെന്നും അവരുടെ കൈയില്‍ ഒരു സിഗരറ്റ് പാക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അയാള്‍ വെളിപ്പെടുത്തി. ലിഗയെ ചികിത്സിച്ച പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്ടറും വെളിപ്പെടുത്തലുമായി രംഗത്തെത്തി. അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലായിരുന്നുവെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ഫെബ്രുവരി 21നാണ് പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ ലിഗ വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയത്. ലിഗക്ക് പുക വലിക്കാന്‍ പുറത്തുപോകുന്ന പതിവുണ്ടായിരുന്നുവെന്നും കാണാതായ ദിവസം അവര്‍ യോഗാ സെഷനില്‍ പങ്കെടുത്തിരുന്നില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
അതിനിടെ ഓട്ടോ ഡ്രൈവറുടെയും ഡോക്ടറുടെയും വെളിപ്പെടുത്തല്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്ന പൊലിസ് വാദത്തിന് ഇത് തിരിച്ചടിയുമാണ്. നേരത്തേ മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസും പറഞ്ഞിരുന്നു.
ലിഗ ആത്മഹത്യ ചെയ്യില്ലെന്നും സ്ഥലപരിചയമില്ലാത്തയാള്ക്ക് തനിച്ചു പോകാന്‍ കഴിയുന്നയിടത്തല്ല മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലിഗക്കായുള്ള അന്വേഷണത്തില്‍ പൊലിസ് വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."