ചരിത്രപ്രസിദ്ധമായ അന്നൂര്‍ മസ്ജിദ് പുനര്‍നിര്‍മിക്കുന്നു
ബഗ്ദാദ്: ഇറാഖിലെ ചരിത്രപ്രസിദ്ധമായ അന്നൂര്‍ മസ്ജിദ് പുനര്‍ നിര്‍മിക്കുന്നു. ഐ.എസ് ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം തകര്‍ന്ന മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിനായി യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ)50 മില്യണ്‍ ഡോളര്‍ സഹായം നല്‍കും. എട്ട് നൂറ്റാണ്ടോളം പഴക്കമുള്ള മൊസൂളിലെ പള്ളിയുടെ പുനര്‍ നിര്‍മാണം അഞ്ച് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ് പദ്ധതിയെന്ന് യു.എന്‍ സാംസ്കാരിക വിഭാഗം അറിയിച്ചു.
യു.എ.ഇയുടെയും ഇറാഖിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മസ്ജിദിന്റെ പുനര്‍ നിര്‍മാണം നടക്കുകയെന്ന് യുനെസ്കോ ഡയരക്ടര്‍ ജനറല്‍ പറഞ്ഞു. ആദ്യത്തെ വര്‍ഷത്തില്‍ മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്തിന്റെ രേഖകള്‍ കണ്ടെത്തുന്നതിനും പ്ലാന്‍ നിര്‍മാണത്തിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നാല് വര്‍ഷം പ്രസിദ്ധമായ ചരിഞ്ഞ മിനാരത്തിന്റെയും പ്രാര്‍ഥനാ ഹാളിന്റെയും സമീപ പ്രദേശങ്ങളുടെയും നിര്‍മാണം നടത്തും.
മൊസൂളിലെ ചരിത്ര ഗാര്‍ഡനും, മ്യൂസിയം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തും. അഞ്ച് വര്‍ഷത്തെ പദ്ധതിയിലൂടെ പള്ളിയുടേയും മിനാരത്തിന്റെയും പുനര്‍ നിര്‍മാണം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും ഇറാഖ് യുവത്വത്തിന് പ്രതീക്ഷയാണിത് നല്‍കുന്നതെന്നും യു.എ.ഇ സാംസ്കാരിക മന്ത്രി നൂറ അല്‍ കാബി പറഞ്ഞു. കുരിശ് യുദ്ധ യോദ്ധാവായ നൂറുദ്ദീന്‍ സങ്കി 1172ല്‍ ആണ് മസ്ജിദ് അന്നൂര്‍ നിര്‍മിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ നാമകരണം നടത്തിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."