നോമ്പുകാലം പരിവര്‍ത്തനത്തിനുള്ള പ്രേരണ
നോമ്പുകാലം എന്നെ സംബന്ധിച്ച് പരിവര്‍ത്തനത്തിനു സഹായകമാകുന്ന ഒന്നാണ്. അപചയങ്ങളില്‍നിന്നുള്ള മോചനത്തിനു മനസിനെ പ്രാപ്തമാക്കുകയും സ്വയംശുദ്ധിക്ക് അവസരമൊരുക്കുകയും ചെയ്യുന്ന കാലമാണിത്. മാനവരാശിയുടെ ശരിയായ സഞ്ചലനത്തിനും ഒരു സ്വയം തിരിഞ്ഞുനോട്ടത്തിനും ദൈവം സൃഷ്ടിച്ച നിയന്ത്രണകാലമെന്നും അതിനെ വിശേഷിപ്പിക്കാം.
നമുക്കൊപ്പമുള്ള മുസ്‌ലിം സഹോദരങ്ങള്‍ നോമ്പു പിടിക്കുമ്പോള്‍ അവരോടൊപ്പം ഇടപെഴകുക എന്നതുതന്നെ മനോഹരമായ അനുഭവമാണ്. അവരുടെ പ്രാര്‍ഥനകളില്‍ പങ്കുചേരുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുക എന്നതൊക്കെ എന്നെ സംബന്ധിച്ചു വലിയകാര്യമായി കരുതുന്നു. ഉപവാസം ശരീരത്തെ ബലപ്പെടുത്തുന്നതുകൂടിയാണ്. കുട്ടിക്കാലത്തുതന്നെ നോമ്പുപിടിക്കുന്ന സുഹൃത്തുക്കളുടെ വീടുകളില്‍ പോവുകയും അവരോടൊപ്പം നോമ്പുതുറയില്‍ പങ്കാളിയാവുകയും ചെയ്യും. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കും.
എം.പിയായശേഷം കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും വിവിധ സംഘടനകളും സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. യാത്രയിലാണെങ്കില്‍ സമീപത്തെ ഏതെങ്കിലും ജുമാമസ്ജിദില്‍ കയറി നോമ്പുതുറയില്‍ പങ്കുചേരുകയും വിശ്വാസി സഹോദരങ്ങള്‍ക്ക് ഹസ്തദാനം നല്‍കുകയും നോമ്പുകഞ്ഞി കുടിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു. നോമ്പുപിടിച്ചില്ലെങ്കില്‍പ്പോലും നോമ്പുതുറയില്‍ പങ്കുചേരുക എന്നത് വലിയൊരു അനുഭവമാണ്. പല നല്ലകാര്യങ്ങള്‍ക്കും ഊര്‍ജം സംഭരിക്കുന്നതിനു റമദാന്‍ വ്രതാനുഷ്ഠാനം സഹായിക്കുന്നു.
മനസിനെയും ശരീരത്തെയും നിയന്ത്രിക്കുന്നതില്‍ നോമ്പുകാലം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തെറ്റുകളിലേക്കു നീങ്ങുന്ന മനുഷ്യന്റെ ഉള്ളിലിരുന്നു അവനെ നിയന്ത്രിക്കാന്‍ ഈശ്വരവിശ്വാസത്തിനുമാത്രമേ സാധിക്കുകയുള്ളൂവെന്ന് ഞാന്‍ കരുതുന്നു. വിശ്വാസത്തിലൂന്നിയ വ്രതാനുഷ്ഠാനകാലം നോമ്പുപിടിക്കുന്നവര്‍ക്കും അവര്‍ക്കുചുറ്റുമുള്ള സമൂഹത്തിനും ഒരുപോലെ മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."