അധ്യാപകരില്ല; ഡയറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക പരിശീലന കേന്ദ്രങ്ങളായ ഡയറ്റ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. അധ്യാപകരുടെ അഭാവമാണ് 14 ജില്ലകളിലുമുള്ള വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന് വിനയായിരിക്കുന്നത്. പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ ശമ്പളം നല്‍കിവരുന്ന ഡയറ്റ് അധ്യാപകരെ നിയമിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്.
അധ്യാപക പരിശീലനം, അധ്യാപക-വിദ്യാര്‍ഥി കാഴ്ചപ്പാട് രൂപീകരണം, പാഠപുസ്തക നിര്‍മാണം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളാണ് ഡയറ്റുകള്‍. ജില്ലാതലങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജില്ലാതലങ്ങളില്‍ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നതും ഡയറ്റുകളാണ്.
20 അധ്യാപകരും ഒരു പ്രിന്‍സിപ്പലും ഉള്‍പ്പെടെ 21 അധ്യാപകരാണ് ഓരോ ഡയറ്റിലും വേണ്ടത്. സംസ്ഥാനത്തെ 14 ഡയറ്റുകളിലുംകൂടി ആകെ 294 അധ്യാപകര്‍ വേണം. എന്നാല്‍, നിലവില്‍ 78 ഓളം അധ്യാപകരാണ് ആകെയുള്ളത്. മിക്കയിടത്തും അഞ്ചില്‍ താഴെയാണ് അധ്യാപകര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പുതിയ നിയമനങ്ങള്‍ നടക്കാത്തതാണ് പ്രധാന കാരണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും എം.എഡുമായിരുന്നു നേരത്തേ അധ്യാപക യോഗ്യതയായി നിശ്ചയിച്ചിരുന്നത്.
അപ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്‌പെഷല്‍ റൂള്‍സ് ആണ് പ്രശ്‌നമായത്. സ്പഷല്‍ റൂള്‍ പ്രകാരം നിലവിലെ യോഗ്യതകള്‍ക്കുപുറമേ യോഗ്യതാ പരീക്ഷയും (എജ്യുക്കേഷന്‍ എലിജിബിലിറ്റി ടെസ്റ്റ്) അധികയോഗ്യതയായി നിശ്ചയിച്ചിരുന്നു.
എന്നാല്‍, ആ പരീക്ഷ കേരളത്തില്‍ ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേകചട്ടം പരിഗണിക്കാതെ നിയമനം നടത്താന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരേ കോടതിയില്‍ പരാതി വന്നതിനെ തുടര്‍ന്ന് ആ ശ്രമം വിജയിച്ചില്ല.
അതേസമയം, വര്‍ഷാവര്‍ഷം അധ്യാപകര്‍ വിരമിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡയറ്റുകള്‍ക്ക് പൂട്ടുവീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."