മോദിയുടെ ശാസനക്ക് പുല്ലുവില; അപകീര്‍ത്തി പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ
ലക്‌നോ: വിവാദ പ്രസ്താവനകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസനകളെ കാറ്റില്‍ പറത്തി അനുയായികള്‍. അപകീര്‍ത്തി പരാമര്‍ശവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബൈരിയയില്‍ നിന്നുള്ള ജനപ്രതിനിധി സുരേന്ദ്ര സിങ്. ബംഗാള്‍ മുഖ്യമന്ത്ര മമത ബാനര്‍ജിയെ ശൂര്‍പ്പണഖ എന്നു വിളിച്ചതാണ് സുരേന്ദ്ര സിങ് ഉണ്ടാക്കിയിരിക്കുന്ന പുതിയ വിവാദം.
ബംഗാള്‍ കശ്മീരുപോലെയാവുമെന്നും അവിടെ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടി വരുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ആളുകള്‍ തെരുവില്‍ കൊല്ലപ്പെടുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. ബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും സുരേന്ദ്ര സിങ് ആരോപിച്ചു.
നേരത്തെയും വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശങ്ങള്‍ സുരേന്ദ്ര സിങ്ങിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമ്പോള്‍ ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്‌ലിംകളെ മാത്രമേ രാജ്യത്ത് താമസിപ്പിക്കൂവെന്ന ഇയാളുടെ പ്രസ്താവന വിവാദമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തിന്റെ പുനര്‍ജന്മമെന്ന് വിശേഷിപ്പിച്ച സിങ്, ആര്‍.എസ്.എസ് നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഇന്ത്യ ഹിന്ദു രാജ്യമാകുമെന്നും അന്ന് പറഞ്ഞിരുന്നു. കൂടാതെ ഭാരത് മാതാ കീജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്ന പരാമര്‍ശവും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."