കോപ്പിയടി പിടിച്ച അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദ്ദനം,ആത്മഹത്യാ ഭീഷണി
ഔറംഗബാദ്: കോപ്പിയടി അധ്യാപകര്‍ കൈയോടെ പിടികൂടിയതോടെ ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥി. കോളജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുമെന്നായിരുന്നു ഭീഷണി. മഹാരാഷ്ട്രയിലെ കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തില്‍ എം.പി.ഇ.ഡി പരീക്ഷയ്ക്കിടെയാണ് സംഭവം.
കോപ്പിയടിച്ച വിദ്യാര്‍ഥി പരീക്ഷാ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന പൊലിസ് എത്തിയാണ് വിദ്യാര്‍ഥിയെ താഴെയിറക്കിയത്.
കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഇന്‍വിജിലേറ്റര്‍ ആദ്യം മുന്നറിയിപ്പ് കൊടുത്തു. പിന്നെയും ആവര്‍ത്തിച്ചതോടെ തടയാന്‍ ശ്രമിച്ചു. പിന്നെയും ആവര്‍ത്തിച്ചപ്പോള്‍ പരീക്ഷ എഴുത്ത് നിര്‍ത്തി എഴുന്നേറ്റുപോകാന്‍ ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടു. അതോടെ വിദ്യാര്‍ഥി ഇന്‍വിജിലേറ്ററിന്റെ കോളറിന് പിടിച്ച് വലിക്കയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. അതിന് ശേഷം ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി നേരെ മൂന്നാം നിലയിലേക്ക് ഓടിക്കയറി ബാല്‍ക്കണിയിലെത്തി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ കോളജിലെ പരീക്ഷ തടസ്സപ്പെട്ടു. ഭീതിയുടെ അന്തരീക്ഷമായിരുന്നു, അധ്യാപകരെല്ലാം ഭയന്നുപോയി എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോപ്പിയടിച്ചതിനും ആത്മഹത്യാശ്രമത്തിനും പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."