ലോക പരിസ്ഥിതി ദിനം: സജീവമായി ജില്ല
പാലക്കാട്: പരിസ്ഥിതിദിനത്തിന് രാവിലെ എട്ടിന് ജില്ലാ കലക്ടറേറ്റിലെത്തിയ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി മണിക്കൂറുകള്‍ നീണ്ട ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് വേറിട്ട കാഴ്ച്ചയായി. സഹപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നു തരുന്ന കാഴ്ച്ച കൂടിയായിരുന്നു അത്.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചതിനുശേഷവും ജില്ലാ കലക്ടര്‍ ഉച്ച വരെ പ്രവര്‍ത്തനം തുടര്‍ന്നു. ജില്ലാ കലക്ടര്‍ക്ക് പുറമെ എ.ഡി.എം ജെ.ഒ അരുണ്‍, ഡി.എം.ഒ ഡോ. കെ.പി റീത്ത എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരവും ഓഫിസുകളും ജീവനക്കാരും വിവിധ സര്‍വിസ് സംഘടനകളും ചേര്‍ന്നാണ് ശുചീകരിച്ചത്.
കാലവര്ഷമുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കുകയും ഇതിന്റെ തുടര്‍ച്ചയായി കാലവര്‍ഷത്തെ നേരിടാനെന്നോണം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വിവിധതരത്തിലുളള ശുചീകരണപ്രക്രിയകളും തുടരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
തുടര്‍ന്ന് ജില്ലാ ഭരണകൂടവും നെഹ്റുയുവകേന്ദ്രയും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ ഗ്രീന്‍ പാലക്കാട് പരിപാടിയുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ ആല്, വേപ്പ്, ഉങ്ങ് വര്‍ഗത്തില്‍പെട്ട 10-ഓളം മരങ്ങള്‍ കളക്ടറേറ്റ് പരിസരത്ത് നട്ടു. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ശുചിത്വ രോഗപ്രതിരോധ നിയന്ത്രണ പരിപാടികള്‍ ജില്ലയില്‍ ഊര്‍ജിതമായി നടന്നു വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊതുക്ജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും ഉറവിടത്തില്‍ തന്നെ തടയുന്ന പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നത്.
ഇതിനായി പഞ്ചായത്ത് മെമ്പര്‍ ചെയര്‍മാനായിട്ടുള്ള വാര്‍ഡ്തല ശുചിത്വ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പരിപാടിയില്‍ പൊതുജന പങ്കാളിത്വം കൂടി ഉറപ്പാക്കിയാല്‍ പകര്‍ച്ചവ്യാധികളെ പൂര്‍ണമായി തുടച്ചുനീക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."