ഹൈടെന്‍ഷന്‍ ഇല്ലാതെ കെ.എസ്.ഇ.ബി
സംസ്ഥാനത്തിന്റെ ഊര്‍ജമേഖല ഇക്കുറി ഏറെ പ്രതിസന്ധികളില്ലാതെ കടന്നുപോകും. സാധാരണ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കെ.എസ്.ഇ.ബിയുടെ ഉറക്കം കെടുത്തുന്ന മാസങ്ങളാണ്. മാര്‍ച്ച് മാസം പരീക്ഷാക്കാലമാണെങ്കില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിനയാകുന്നത് രൂക്ഷമായ വേനലാണ്. ഇക്കുറി മാര്‍ച്ച് പ്രശ്‌നരഹിതമായി കടന്നുപോയി. ഏപ്രില്‍ മാസവും കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ് പോകുന്നത്. ജലവര്‍ഷം അവസാനിക്കാന്‍ 37 ദിവസങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മെയ് 31 വരെയുള്ള ദിനങ്ങള്‍ ഊര്‍ജമേഖല ഭീഷണി രഹിതമാണ്.
2017 വൈദ്യുതി പ്രതിസന്ധിയുടെ ദിനങ്ങളായിരുന്നെങ്കില്‍ 2018 ആശ്വാസത്തിന്റെ ദിനങ്ങളാണെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. 1459.355 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. ഇത് സംഭരണശേഷിയുടെ 35 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 579.115 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കൂടുതലാണിത്. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ നിലവില്‍ വന്നതാണ് ഇക്കുറി വൈദ്യുതി ബോര്‍ഡിന് നേട്ടമായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മിച്ചമാണെന്നാണ് കെ.എസ്.ഇ.ബി ആസൂത്രണ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. എങ്കിലും ഏറെ കരുതലോടെയാണ് കെ.എസ്.ഇ.ബി നീങ്ങുന്നത്.
ഡി.ബി.എഫ്.ഒ.ഒ (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ ആന്റ് ഓപറേറ്റ്) പദ്ധതി പ്രകാരമാണ് 25 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബി ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്)കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കരാര്‍ പ്രകാരം പ്രതിദിനം 865 മെഗാവാട്ട് വരെ വൈദ്യുതി യൂനിറ്റിന് 4.11 രൂപാ നിരക്കില്‍ ലഭ്യമാകും. ദീര്‍ഘകാല കരാറിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉടക്കുവച്ചത് മൂലം നീണ്ടുപോകുകയായിരുന്നു. റിലയന്‍സ് എനര്‍ജി ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇ.എസ് കേരള പവര്‍ ലിമിറ്റഡില്‍ നിന്ന് കെ.എസ്.ഇ.ബി യെക്കൊണ്ട് വൈദ്യുതി വാങ്ങിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഗുലേറ്ററി കമ്മിഷന്റെ ഉടക്കെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല കരാറാണ് എപ്പോഴും ലാഭകരം. ദീര്‍ഘകാല കരാറിലേര്‍പ്പെടുമ്പോള്‍ വളരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു പീക്ക് ടൈമില്‍ യൂനിറ്റിന് 9.90 രൂപ നിരക്കില്‍ വരെ വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. കൊച്ചി ഉദ്യോഗ്മണ്ഡലിലെ ബി.എസ്.ഇ.എസില്‍ നിന്നു കെ.എസ.്ഇ.ബി നേരത്തെ വൈദ്യുതി വാങ്ങിയിരുന്നതാണ്. എന്നാല്‍, ഇവര്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടെ ബോര്‍ഡ് കരാര്‍ ഒഴിവാക്കി. യൂനിറ്റിന് 8.50 മുതല്‍ 12 രൂപാ വരെയാണ് ബി.എസ്. ഇ.എസ് വൈദ്യുതിയുടെ യൂനിറ്റ് വില. 165 മെഗാവാട്ട് ശേഷിയുള്ള ബി.എസ്.ഇ.എസ് പവര്‍ പ്ലാന്റിന്റെ 86.32 ശതമാനം ഓഹരി റിലയന്‍സിനാണ്. 13.68 ശതമാനം കെ.എസ്.ഐ.ഡി.സി എന്ന പൊതുമേഖലാ സ്ഥാപനത്തിനുമുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 35 ശതമാനം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി മാത്രമാണ് നിലവില്‍ കെ.എസ്.ഇ.ബിക്കുള്ളത്.
കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയിലും അപ്രതീക്ഷിതമായി കുറവ് വരുന്നത് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയാകുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കൂടുന്നതനുസരിച്ച് സ്ലാബ് ഉയരും. ഇതനുസരിച്ച് വൈദ്യുതി നിരക്കും കൂടും. പുറമെ നിന്നു കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമ്പോള്‍ ഉയര്‍ന്ന സ്ലാബില്‍ വില്‍പ്പന നടത്തി ലാഭം കൊയ്യുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. കേരളത്തിനു കേന്ദ്രവിഹിതമായി രണ്ടര - മൂന്നര രൂപ വിലയ്ക്ക് ദിവസവും 35 ദശലക്ഷം യൂനിറ്റ് വരെ ലഭിക്കേണ്ടതാണ്.
ഇതിന് പുറമെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ശരാശരി നാലുരൂപ നിരക്കില്‍ 25 ദശലക്ഷം യൂനിറ്റ് വരെ ലഭിക്കണം. കല്‍ക്കരി ക്ഷാമം അടക്കമുള്ള കാരണങ്ങളില്‍ ഇത് രണ്ടിലും അപ്രതീക്ഷിത കുറവുവരുന്നത് കെ.എസ്.ഇ.ബിയുടെ തന്ത്രം പാളാന്‍ കാരണമാകുന്നുണ്ട്.
വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പരസ്യപ്രചാരണം കെ.എസ്.ഇ.ബി നിര്‍ത്തലാക്കിയത് ഈ ലാഭക്കച്ചവടത്തിന്റെ സൂചനയാണ്.
പകരം വൈദ്യുതി ദുരുപയോഗം പാടില്ലെന്നുമാത്രം ഉപദേശിക്കുന്നുണ്ട്. കാലവര്‍ഷം എത്തും വരെ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നു മാത്രമല്ല, ആവശ്യക്കാര്‍ ഇഷ്ടംപോലെ ഉപയോഗിച്ചു കൊള്ളട്ടെയെന്ന നിലപാടിലാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി അധികൃതര്‍. ഉപയോഗം കൂടുന്തോറും വൈദ്യുതി ബില്‍ കാര്യമായി കൂടുമെങ്കിലും വൈദ്യുതി നിയന്ത്രണമുണ്ടാകില്ല.
വൈദ്യുതി ഉപഭോഗം ഇതുവരെ സര്‍വകാല റെക്കോഡ് ഭേദിച്ചിട്ടില്ല. 79.79 ദശലക്ഷം യൂനിറ്റാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന ഉപഭോഗം. 2016 ഏപ്രില്‍ 26 നായിരുന്നു ചരിത്രത്തിലെ ഉയര്‍ന്ന ഉപഭോഗം രേഖപ്പെടുത്തിയത്, 80.6 ദശലക്ഷം യൂനിറ്റ്. 2017ലെ കൂടിയ പ്രതിദിന ഉപഭോഗം 77.58 ദശലക്ഷം യൂനിറ്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."