ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ആര്‍ .എസ്.എസും കേന്ദ്ര സര്‍ക്കാരും
ന്യൂഡല്‍ഹി: രാജ്യമെങ്ങും ദലിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും അതിനെ തുടര്‍ന്ന് നടക്കുന്ന പ്രക്ഷോഭങ്ങളും ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തില്‍ ദലിത് എന്ന വാക്കിന് വിലക്കുമായി ആര്‍.എസ്.എസും കേന്ദ്ര സര്‍ക്കാരും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ദലിത് മുന്നേറ്റങ്ങളുടെ പ്രതിഫലനം ബി.ജെ.പിക്ക് പ്രതികൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും ആര്‍.എസ.്എസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയത്. ദലിത് എന്ന വാക്കിന് പകരം പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നു തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. അപമാനകരമായ കൊളോണിയല്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയാണ് ദലിത് എന്ന പ്രയോഗമെന്നാണ് സംഘപരിവാറിന്റെ ന്യായീകരണം. പട്ടിക ജാതി, പട്ടിക വര്‍ഗം എന്ന വാക്കുകള്‍ ജാതിയെ സൂചിപ്പിക്കുന്നതോ അപമാനകരമായതോ ആയ പ്രയോഗങ്ങളല്ലെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലെ വിവിധ വകുപ്പുകള്‍ക്കും കേന്ദ്ര സാമൂഹിക നീതി വകുപ്പിനും ദലിത് പ്രയോഗം ഒഴിവാക്കണമെന്ന് കാണിച്ച് നിര്‍ദേശം നല്‍കിയിരുന്നു. 1982 ഫെബ്രുവരി 10ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഉദ്ധരിച്ചാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. വോട്ട് രാഷ്ട്രീയം മുന്നില്‍ കണ്ടുള്ള കപട അനുഭാവമാണിതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ബാലചന്ദ്ര മുംഗേക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."